അതൊരിക്കലും മറക്കില്ല, കുട്ടിക്കാലത്ത് മറഡോണയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് നെയ്മർ !

നവംബർ ഇരുപത്തിയഞ്ചാം തിയ്യതിയായിരുന്നു ഫുട്ബോൾ ലോകത്തിന് മറഡോണയെ ഇതിഹാസത്തെ നഷ്ടമായത്. ഒട്ടേറെ കാലം ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിച്ച, പലർക്കും പ്രചോദനമായ, സ്വപ്നം കാണാൻ പഠിപ്പിച്ച ഇതിഹാസമായിരുന്നു മറഡോണയെന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ആ മറഡോണയോടൊപ്പം കുട്ടിക്കാലത്ത് താൻ ചിലവഴിച്ച നിമിഷങ്ങളുടെ ഓർമ്മ പുതുക്കിയിരിക്കുകയാണ് നെയ്മർ ജൂനിയർ. ഇന്നലെ ഇലവൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ മറഡോണയെ കുറിച്ചുള്ള ഓർമ്മകൾ അയവിറക്കിയത്. ഒരിക്കലും മറക്കാത്ത നിമിഷങ്ങൾ എന്നാണ് നെയ്മർ ആ അനുഭവങ്ങളെ കുറിച്ച് പറഞ്ഞത്.

” എനിക്ക് മറഡോണയുമായി കൂടുതൽ ബന്ധമൊന്നും പുലർത്താൻ സാധിച്ചിരുന്നില്ല. പക്ഷെ 12-ആം വയസ്സിലോ 13-ആം വയസ്സിലോ അദ്ദേഹത്തെ കണ്ടുമുട്ടിയ ആ അനുഭവങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഞാൻ അന്ന് സാന്റോസിൽ കരിയർ ആരംഭിക്കുന്നതേയൊള്ളൂ. അന്ന് നടന്ന പഴയ താരങ്ങളുടെ ബ്രസീൽ-അർജന്റീന മത്സരം കാണാൻ ഞങ്ങൾ ക്ലബ്ബിൽ നിന്നും പോയിരുന്നു. ബ്രസീൽ താരങ്ങളുടെ ബസ് ഫുൾ ആയതിനാൽ അവരോടൊപ്പം ഞങ്ങൾക്ക്‌ പോവാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ അവർ ഞങ്ങളെ അർജന്റീന താരങ്ങളുടെ ബസിൽ കയറ്റി. ആ ബസിൽ മുന്നിലെ സീറ്റിൽ തന്നെ രണ്ട് താരങ്ങൾ ഇരിക്കുന്നുണ്ടായിരുന്നു. ഒന്ന് മറഡോണയും രണ്ടാമത്തേത് മങ്കുസോയുമായിരുന്നു. ഞാൻ അവരോടൊപ്പമായിരുന്നു ഇരുന്നത്. വളരെ നല്ല രീതിയിലാണ് ഇരുവരും എന്നോട് പെരുമാറിയത്. സ്റ്റേഡിയത്തിൽ എത്തിയപ്പോൾ അവർ ഞങ്ങളെ അർജന്റീനയുടെ ലോക്കർ റൂമിലേക്കു കൊണ്ട് പോയി. അവിടെ നിന്ന് കളത്തിലേക്കും ഞങ്ങളെ കൊണ്ടുപോയിരുന്നു. അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാൻ എനിക്ക് സാധിച്ചിരുന്നു. അദ്ദേഹം തന്നെ ഫോട്ടോ എടുക്കാൻ എന്നെ ക്ഷണിക്കുകയായിരുന്നു. ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ ആ ആംഗ്യം മറക്കില്ല. കളത്തിനകത്ത് എല്ലാവരുടെയും ഐക്കൺ ആണ് അദ്ദേഹം. എല്ലാവരും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പമുള്ള ആ നിമിഷങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല ” നെയ്മർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *