അടുത്ത കോപ്പ കൂടി നേടി ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായി അർജന്റീനയെ പ്രഖ്യാപിക്കണം:എമി മാർട്ടിനസ്

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ അർജന്റീന ദേശീയ ടീമിന് ഉണ്ടായ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കിരീടങ്ങൾ നേടാനാവാതെ ഒരുപാട് വർഷങ്ങൾ അർജന്റീന കഴിച്ചുകൂട്ടിയിരുന്നു. എന്നാൽ 2021 കോപ്പ അമേരിക്ക കിരീടം നേടിയതോടുകൂടി ആ ശാപം അവസാനിച്ചു. പിന്നീട് ഫൈനലിസിമയും ഖത്തർ വേൾഡ് കപ്പ് കിരീടവും അർജന്റീന സ്വന്തമാക്കി.ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നതും അർജന്റീന തന്നെയാണ്.

ഇനി അർജന്റീനയുടെ അടുത്ത ലക്ഷ്യം വരുന്ന കോപ്പ അമേരിക്ക കിരീടം നേടിക്കൊണ്ട് അത് നിലനിർത്തുക എന്നതാണ്.അക്കാര്യം അർജന്റീനയുടെ ഗോൾ കീപ്പറായ എമി മാർട്ടിനസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് അടുത്ത കോപ്പ അമേരിക്ക കൂടി നേടി ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമായി അർജന്റീനയെ പ്രഖ്യാപിക്കണം എന്നാണ് എമി പറഞ്ഞിട്ടുള്ളത്.ESPNനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോൾകീപ്പറുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു കോപ്പ അമേരിക്ക കിരീടം കൂടി എനിക്ക് നേടണം.അതിനുശേഷം എനിക്ക് പറയണം, ഈ അർജന്റീനയാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീം എന്ന്.അർജന്റീനക്ക് വേണ്ടി കളിക്കുന്നത് ഞാൻ വളരെയധികം ആസ്വദിക്കുന്നു.അത് എല്ലാ കാലവും ആസ്വദിക്കുക തന്നെ ചെയ്യും ” ഇതാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ കോപ്പ അമേരിക്കയിലും ഖത്തർ വേൾഡ് കപ്പിലും മികച്ച പ്രകടനമായിരുന്നു എമി മാർട്ടിനസ് നടത്തിയിരുന്നത്.ആ രണ്ട് ടൂർണമെന്റുകളിലെയും ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം എമി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. വരുന്ന കോപ്പ അമേരിക്കക്കുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായിട്ടുണ്ട്. നിലവിലെ മികവ് വെച്ച് അർജന്റീനക്ക് ഫൈനൽ വരെ മുന്നേറുക എന്നത് ഒരിക്കലും ബുദ്ധിമുട്ടുള്ള കാര്യമല്ല.അർജന്റീന തന്നെ കിരീടം നിലനിർത്തും എന്നാണ് അവരുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!