അഞ്ച് വർഷത്തിനിടെ നാല് തോൽവികൾ മാത്രം, ടിറ്റെയുടെ അത്ഭുതപ്പെടുത്തുന്ന കണക്കുകൾ ഇങ്ങനെ!

ഇന്നേക്ക് അഞ്ച് വർഷം മുമ്പാണ് ബ്രസീലിന്റെ പരിശീലകനായി ടിറ്റെ ചുമതലയേൽക്കുന്നത്.കൃത്യമായി പറഞ്ഞാൽ 2016 ജൂൺ ഇരുപതിനായിരുന്നു ടിറ്റെ ബ്രസീലിന്റെ പരിശീലാകനായി എത്തുന്നത്.എന്നാൽ ആ വർഷം സെപ്റ്റംബർ ഒന്നിനാണ് ടിറ്റെയുടെ കീഴിൽ ബ്രസീൽ ആദ്യമായി കളിക്കുന്നത്.ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു വിട്ട് കൊണ്ടാണ് ബ്രസീലിൽ ടിറ്റെ യുഗം ആരംഭിച്ചത്. അതിന് ശേഷം ബ്രസീൽ ഈ അറുപതുകാരന് കീഴിൽ 56 മത്സരങ്ങൾ കളിച്ചു.ഇതിൽ 42 മത്സരത്തിലും വിജയിച്ച ബ്രസീൽ 10 എണ്ണത്തിൽ സമനില വഴങ്ങി.നാലെണ്ണത്തിൽ മാത്രമാണ് ബ്രസീൽ പരാജയപ്പെട്ടത്. അതായത് ഈ അഞ്ച് വർഷത്തിനിടെ ബ്രസീൽ തോൽവിയേറ്റുവാങ്ങിയത് കേവലം നാല് തവണ മാത്രം.123 ഗോളുകൾ ഇക്കാലയളവിൽ ബ്രസീൽ അടിച്ചു കൂട്ടിയപ്പോൾ 19 എണ്ണം മാത്രമാണ് വഴങ്ങിയിട്ടുള്ളത്.

ബ്രസീലിനെ ഏറ്റവും കൂടുതൽ കാലം പരിശീലിപ്പിച്ച രണ്ടാമത്തെ പരിശീലകനാണ് ടിറ്റെ.1940 കാലഘട്ടത്തിൽ ബ്രസീലിനെ പരിശീലിപ്പിച്ച ഫ്ലാവിയോ കോസ്റ്റയാണ് കൂടുതൽ കാലം ബ്രസീലിന് തന്ത്രങ്ങളോതിയ പരിശീലകൻ.2002 ദിവസങ്ങളാണ് അദ്ദേഹം പരിശീലകനായി തുടർന്നിട്ടുള്ളത്.ടിറ്റെ നിലവിൽ 1753 ദിവസങ്ങൾ പൂർത്തിയാക്കി.

ടിറ്റെക്ക് കീഴിലാണ് ബ്രസീൽ 2018 വേൾഡ് കപ്പിൽ കളിച്ചത്.എന്നാൽ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായി. എന്നിരുന്നാലും 2019-ലെ കോപ്പ അമേരിക്ക ബ്രസീലിന് നേടിക്കൊടുക്കാൻ ടിറ്റെക്ക് കഴിഞ്ഞു.ഇത്തവണത്തെ കോപ്പക്കുള്ള കിരീടപ്പോരാട്ടത്തിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമാണ് ബ്രസീൽ.

ഈ അഞ്ച് വർഷക്കാലയളവിൽ 105 താരങ്ങളെയാണ് ടിറ്റെ ടീമിലേക്ക് വിളിച്ചിട്ടുള്ളത്.ഏറ്റവും കൂടുതൽ തവണ വിളിച്ചിട്ടുള്ളത് ഡിഫൻഡർ മാർക്കിഞ്ഞോസിനെയാണ്.20 തവണയാണ് മാർക്കിഞ്ഞോസിനെ ടിറ്റെ വിളിച്ചിട്ടുള്ളത്.ഫിർമിനോ (19),കൂട്ടീഞ്ഞോ, തിയാഗോ സിൽവ (18), ആലിസൺ (17) എന്നിവരാണ് പിറകിലുള്ളത്.എന്നാൽ ടിറ്റെക്ക് കീഴിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂട്ടീഞ്ഞോയാണ്.46 മത്സരങ്ങൾ കൂട്ടീഞ്ഞോ കളിച്ചിട്ടുണ്ട്.45 മത്സരങ്ങൾ കളിച്ച ഗബ്രിയേൽ ജീസസാണ് തൊട്ടുപിറകിൽ. പിന്നീടാണ് മാർക്കിഞ്ഞോസിന്റെ സ്ഥാനം.ഇദ്ദേഹത്തിന് കീഴിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം മറ്റാരുമല്ല, സൂപ്പർ താരം നെയ്മർ തന്നെയാണ്.22 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.18 എണ്ണം നേടിയ ജീസസാണ് പിറകിലുള്ളത്.

ഏതായാലും പരിശീലകനായുള്ള തന്റെ അഞ്ചാം വാർഷികം തന്റെ താരങ്ങളോമൊത്ത് ആഘോഷിക്കാൻ ടിറ്റെ മറന്നിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *