അഗ്വേറോയുടെ റെക്കോർഡ് പഴങ്കഥ,അർജന്റീനയിൽ ചരിത്രം കുറിച്ച് 14കാരൻ!
അർജന്റൈൻ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സൂപ്പർതാരമായ സെർജിയോ അഗ്വേറോയുടെ പേരിലായിരുന്നു.അർജന്റൈൻ ലീഗിൽ അഗ്വേറോ അരങ്ങേറ്റം കുറിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം കേവലം 15 വർഷവും 35 ദിവസവുമായിരുന്നു.എന്നാൽ ഈ റെക്കോർഡ് ഇപ്പോൾ പഴങ്കഥയായിട്ടുണ്ട്. കേവലം 14 വയസ്സ് മാത്രമുള്ള ഒരു താരം അർജന്റൈൻ ഫുട്ബോളിന്റെ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
അർജന്റൈൻ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂവെൽസ് ഓൾഡ് ബോയ്സും ഡിപോർട്ടിവോ റീസ്ട്രയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂവെൽസ് ഓൾഡ് ബോയ്സ് വിജയിക്കുകയും ചെയ്തിരുന്നു. ഈ മത്സരത്തിന്റെ അവസാനത്തിലാണ് പകരക്കാരനായി കൊണ്ട് ഒരു 14 വയസ്സുകാരൻ ഇറങ്ങിയത്.മാറ്റിയോ അപോളോനിയോ എന്ന താരമാണ് ഇപ്പോൾ ചരിത്രത്തിൽ ഇടം നേടിയത്.
RECORDE: Aos 14 anos, Mateo Apolonio se tornou hoje o jogador MAIS JOVEM a atuar na história da Primeira Divisão da Argentina
— Sala12 (@OficialSala12) May 17, 2024
14 anos e 29 dias. Nasceu em 2010
Superou Kun Agüero (15 anos e 35 dias) como o mais jovem da história. pic.twitter.com/jgHUoe7249
പ്രതിരോധനിരയിലാണ് ഈ താരം കളിക്കുന്നത്. ഇന്നലെ അരങ്ങേറ്റം കുറിക്കുമ്പോൾ 14 വർഷവും 29 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.2010ലാണ് ഈ താരം ജനിച്ചത്. ഇതോടെ അർജന്റൈൻ ഫുട്ബോളിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് അപോളോനിയോയുടെ പേരിൽ മാത്രമായി. ഇദ്ദേഹത്തെ കൂടാതെ വേറെയും യുവതാരങ്ങൾ ഈ ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നു.
ഡിയഗോ മറഡോണയായിരുന്നു അർജന്റീന ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച പ്രായം കുറഞ്ഞ താരം. 1976 ലായിരുന്നു അദ്ദേഹം റെക്കോർഡ് കുറിച്ചിരുന്നത്. ആ റെക്കോർഡ് പിന്നീട് അഗ്വേറോ തകർത്തു.അതാണ് ഇപ്പോൾ ഈ പതിനാലുകാരൻ തകർത്തിട്ടുള്ളത്. ഹൈസ്കൂളിൽ പഠിക്കേണ്ട പ്രായത്തിൽ സീനിയർ ഫുട്ബോളിൽ അരങ്ങേറിയത് തീർച്ചയായും എല്ലാവരിലും അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്.