റയലിനെ ഞാൻ ബഹുമാനിക്കില്ല: നിലപാട് വ്യക്തമാക്കി റോഡ്രി
ഇത്തവണത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർതാരമായ റോഡ്രിയായിരുന്നു സ്വന്തമാക്കിയിരുന്നത്. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാൽ ഇതു വലിയ വിവാദങ്ങളിലാണ് കലാശിച്ചത്.വിനീഷ്യസായിരുന്നു ഈ പുരസ്കാരം അർഹിച്ചതെന്ന് ഒരു വലിയ വിഭാഗം ആരാധകർ അവകാശപ്പെട്ടിരുന്നു.ഈ ചടങ്ങ് റയൽ മാഡ്രിഡ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
ഏതായാലും ബാലൺഡി’ഓർ വിഷയത്തിൽ നേരത്തെ തന്നെ റോഡ്രി തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഒരിക്കൽ കൂടി അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. അതായത് ബാലൺഡി’ഓർ ചടങ്ങ് ബഹിഷ്കരിക്കാനുള്ള റയൽ മാഡ്രിഡിന്റെ തീരുമാനത്തെ താൻ ബഹുമാനിക്കില്ല എന്നാണ് റോഡ്രി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്.
‘ ആ തീരുമാനം ഒരുപക്ഷേ വ്യക്തികൾ എടുത്തതായിരിക്കാം. അതല്ലെങ്കിൽ ക്ലബ്ബ് മൊത്തത്തിൽ എടുത്തതായിരിക്കാം.ഏതായാലും ഞാൻ ആ തീരുമാനത്തെ ബഹുമാനിക്കുന്നില്ല.ഞാൻ എപ്പോഴും പറയുന്ന കാര്യമുണ്ട്, ഞാനായിരുന്നു ആ സ്ഥാനത്ത് എങ്കിൽ അങ്ങനെ ചെയ്യില്ല എന്നത്. കഴിഞ്ഞവർഷം ഹാലന്റിന് വലിയ സാധ്യതകൾ ഉണ്ടായിരുന്നു.എന്നിട്ട് മെസ്സിക്ക് ലഭിച്ചപ്പോൾ അദ്ദേഹം അതിനെ സപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.ഇതൊരു താരത്തിന് ലഭിക്കുന്ന ഒന്നല്ല,മറിച്ച് ആ താരം ആ വർഷം മുഴുവനും ചെയ്തതിന് ലഭിക്കുന്ന ഒന്നാണ് ‘ ഇതാണ് റോഡ്രി പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ വിഷയത്തിൽ ഇപ്പോഴും രണ്ട് അഭിപ്രായക്കാർ തന്നെയാണ് ഫുട്ബോൾ ലോകത്തുള്ളത്. അതേസമയം റോഡ്രിയെ റയൽ മാഡ്രിഡ് സ്വന്തമാക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ സത്യമില്ല എന്നത് പിന്നീട് വ്യക്തമാവുകയും ചെയ്തിരുന്നു. നിലവിൽ റോഡ്രിയും വിനീഷ്യസും പരിക്ക് മൂലം കളിക്കളത്തിന് പുറത്താണ്.