മറഡോണയുടെ ബോക്സിൽ വിതുമ്പി കരഞ്ഞ് മകൾ ഡാൽമ, ആദരമർപ്പിച്ച് ബൊക്ക,വീഡിയോ !

ഫുട്ബോൾ ലോകത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നിനാണ് ഈ മാസം ആരാധകർ സാക്ഷ്യം വഹിച്ചത്. ഇതിഹാസതാരം മറഡോണ ഈ ലോകത്തോട് വിടപറഞ്ഞത് ഇരുപത്തിയഞ്ചാം തിയ്യതിയായിരുന്നു. അതിന് ശേഷം ആദ്യമായി ഇന്നലെയാണ് മറഡോണയുടെ മുൻ ക്ലബായിരുന്ന ബൊക്ക ജൂനിയേഴ്‌സ് കളിക്കാനിറങ്ങിയിരുന്നത്. മത്സരത്തിന് തൊട്ട് മുമ്പ് മറഡോണയുടെ മകളായ ഡാൽമ മറഡോണ മത്സരം വീക്ഷിക്കാനെത്തിയിരുന്നു. ബോംബോനേരയിലെ മറഡോണക്ക്‌ വേണ്ടിയുള്ള ആ ബോക്സിൽ ഇരുന്നു കൊണ്ടായിരുന്നു ഡാൽമ മത്സരം വീക്ഷിച്ചത്. മറഡോണക്ക്‌ വേണ്ടി മത്സരത്തിന് മുമ്പ് ഒരു മിനുട്ട് മൗനമാചരിച്ചിരുന്നു. മാത്രമല്ല ബൊക്ക താരങ്ങൾ എല്ലാവരും തന്നെ മറഡോണയുടെ പേര് പതിച്ച ജേഴ്സി അണിഞ്ഞായിരുന്നു കളിച്ചിരുന്നത്.

മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ തന്നെ ബൊക്ക ജൂനിയേഴ്‌സ് ഗോൾ നേടുകയും ചെയ്തു. ഒരു ഫ്രീകിക്കിലൂടെ എഡ്വിൻ കാർഡോണയാണ് ഗോൾ നേടിയത്. ഗോൾ നേടിയതിന് ശേഷം മറഡോണയുടെ അർജന്റീന ജേഴ്‌സിയുമായി വന്ന താരങ്ങൾ എല്ലാവരും തന്നെ ആ ബോക്സിന് മുന്നിൽ, ഡാൽമക്ക്‌ മുന്നിൽ വെച്ച് ആദരമർപ്പിക്കുകയും ചെയ്തു. സങ്കടം സഹിക്കവയ്യാതെ വിതുമ്പി കരയുന്ന ഡാൽമയെയാണ് പിന്നീട് കണ്ടത്. ന്യൂവെൽസ് ഓൾഡ് ബോയ്സിനെതിരെയായിരുന്നു ബൊക്കയുടെ മത്സരം. ബൊക്ക എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ വിജയിച്ചു. ന്യൂവെൽസ് ഓൾഡ് ബോയ്സിന് വേണ്ടിയും മറഡോണ കളിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഫുട്ബോൾ താരങ്ങൾ മറഡോണക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *