മറഡോണക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കാൻ വിസമ്മതിച്ചു, വധഭീഷണികൾ ലഭിച്ചുവെന്ന് സ്പാനിഷ് വനിതാതാരം !

കഴിഞ്ഞ ഇരുപത്തിയഞ്ചാം തിയ്യതിയായിരുന്നു ഫുട്ബോൾ ഇതിഹാസം മറഡോണ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടപറഞ്ഞത്. തുടർന്ന് ഫുട്ബോൾ ലോകത്ത് നടന്ന ഭൂരിഭാഗം മത്സരങ്ങളുടെയും മുമ്പ് ഒരു മിനുട്ട് അദ്ദേഹത്തിന് വേണ്ടി മൗനമാചരിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്പെയിനിൽ നടന്ന വനിതാ ഫുട്ബോളിൽ വിയാഹസ് vs ഡിപോർട്ടിവോ ലാ കൊറൂണ മത്സരത്തിന് മുന്നോടിയായും മൗനം ആചരിച്ചിരുന്നു. എന്നാൽ വിയാഹസ് താരമായ പൗല ഡാപെന ഇതിന് വിസമ്മതിക്കുകയായിരുന്നു. എല്ലാവരും നിന്നു കൊണ്ട് മൗനമാചരിക്കുന്ന സമയത്ത് താരം തിരിഞ്ഞു ഇരുന്ന് കൊണ്ട് ഇതിനോട് വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. വളരെ പെട്ടന്ന് തന്നെ ഇത് ഫുട്ബോൾ ലോകത്ത് പ്രചരിക്കുകയും ചെയ്തു.മറഡോണയോടുള്ള പ്രതിഷേധമായിട്ടാണ് താൻ ഇതു ചെയ്തതെന്നും ഡാപെന വെളിപ്പെടുത്തി.

2014-ൽ മറഡോണ തന്റെ ഗേൾഫ്രണ്ട് ആയ റോസിയോ ഒലിവയെ ദുരുപയോഗം ചെയ്തതായി വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. ഇതിനോടുള്ള പ്രതിഷേധമായിട്ടാണ് താൻ ആദരാഞ്ജലികൾ അർപ്പിക്കാൻ വിമുഖത പ്രകടിപ്പിച്ചതെന്ന് ഡാപെന അറിയിച്ചു. ഒരു അത്‌ലെറ്റിന് വേണ്ടി ചില മൂല്യങ്ങൾ ഉണ്ടെന്നും അത്‌ മറഡോണ പാലിച്ചില്ലെന്നുമാണ് ഇവർ ആരോപിച്ചത്. മറഡോണ ഒരു ഫുട്ബോൾ താരമാണെന്നും എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ഒരുപാട് മോശം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇവർ അറിയിച്ചു. കൂടാതെ മത്സരശേഷം തനിക്ക് വധഭീഷണികൾ ഉയർന്നു വന്നതായും ഡാപെന അറിയിച്ചിട്ടുണ്ട്. അഡ്രസ് കണ്ടെത്തി വീട്ടിലെത്തുമെന്നും കാലുകൾ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തിയവർ ഉണ്ടെന്നും വധഭീഷണി വരെ ഉയർത്തിയവരുമുണ്ടെന്നുമാണ് ഡാപെന അറിയിച്ചത്. വധഭീഷണി സീരിയസ് എടുക്കുന്നില്ലെന്നും പക്ഷെ ഇതിനെതിരെ പരാതി നൽകുമെന്നും ഇവർ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ഡാപെനക്ക്‌ വധഭീഷണി ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *