മത്സരം നേരത്തെ അവസാനിപ്പിച്ചു, റഫറിയോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ !

ഇന്നലെ നടന്ന സ്പെയിനും പോർച്ചുഗല്ലും തമ്മിലുള്ള സൗഹൃദമത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്നു. ഇരുടീമുകളും മികച്ച നിരയെ തന്നെ ഇറക്കിയിരുന്നുവെങ്കിലും ഗോളുകൾ ഒന്നും തന്നെ നേടാൻ കഴിയാതെ പോയത് ആരാധകർക്കിടയിൽ നിരാശയുണ്ടാക്കി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗല്ലിന്റെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നുവെങ്കിലും ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല. എന്നാൽ ആദ്യ പകുതിയിൽ റഫറിയോട് ദേഷ്യപ്പെട്ട റൊണാൾഡോയെയാണ് കാണാൻ സാധിച്ചത്. മത്സരം നേരത്തെ അവസാനിപ്പിച്ചതിനാണ് റൊണാൾഡോ തന്റെ അതൃപ്തി റഫറിയെ അറിയിച്ചത്. എട്ട് സെക്കന്റുകൾ കൂടെ ബാക്കി നിൽക്കെയാണ് റഫറി ആദ്യം പകുതിക്ക്‌ വിരാമം കുറിച്ചത്.

എന്നാൽ റൊണാൾഡോ ഇത് റഫറിയുടെ ശ്രദ്ധയിൽ പെടുത്തി. താരം ക്ലോക്കിലേക്ക് ചൂണ്ടികാണിക്കുകയും റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മത്സരത്തിന്റെ 72-ആം മിനുട്ടിൽ റൊണാൾഡോയെ സബ്സ്റ്റിട്യൂട്ട് ചെയ്തിരുന്നു.ഇനി യുവേഫ നേഷൻസ് ലീഗിൽ രണ്ട് മത്സരങ്ങളാണ് പോർച്ചുഗൽ കളിക്കാനൊരുങ്ങുന്നത്. ഫ്രാൻസിനെതിരെയും സ്വീഡനെതിരെയുമാണ് പോർച്ചുഗൽ മത്സരങ്ങൾ കളിക്കുക. അതേ സമയം സ്പെയിനും രണ്ട് മത്സരങ്ങൾ കളിക്കുന്നുണ്ട്. സ്വിറ്റ്സർലാന്റ്, ഉക്രൈൻ എന്നീ ടീമുകൾക്കെതിരെയാണ് സ്പെയിൻ കളിക്കുന്നത്. അതേ സമയം ഇന്നലെ പോർച്ചുഗല്ലും സ്പെയിനും ഒരുമിച്ച് മറ്റൊരു തീരുമാനം കൈകൊണ്ടിട്ടുണ്ട്. 2030-ലെ വേൾഡ് കപ്പിന് ആതിഥേയത്യം വഹിക്കാനുള്ള അപേക്ഷ ഇരുരാജ്യങ്ങളും ഒരുമിച്ച് ഫിഫക്ക്‌ മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *