ഒടുവിൽ കൂമാന്റെ പിൻഗാമിയെയും കണ്ടെത്തി !

യുവേഫ ചാമ്പ്യൻസ് ലീഗിലെ തോൽവിക്ക് ശേഷമാണ് എഫ്സി ബാഴ്സലോണ പരിശീലകൻ കീക്കെ സെറ്റിയനെ പുറത്താക്കി കൊണ്ട് റൊണാൾഡ് കൂമാനെ നിയമിച്ചത്. എന്നാൽ റൊണാൾഡ് കൂമാൻ ഹോളണ്ട് പരിശീലകസ്ഥാനം രാജിവെച്ചു കൊണ്ടാണ് ബാഴ്സയുടെ പരിശീലകനായത്. അന്ന് മുതൽ ഹോളണ്ട് താൽകാലികപരിശീലകന്റെ കീഴിൽ ആയിരുന്നു പന്ത് തട്ടിയിരുന്നത്. ഇപ്പോഴിതാ ഹോളണ്ട് ഒരു പരിശീലകനെ നിയമിച്ചിരിക്കുന്നു. കൂമാന്റെ പിൻഗാമിയായി എത്തിയിരിക്കുന്നത് മുമ്പ് ഹോളണ്ടിന് വേണ്ടിയും ബാഴ്സക്ക് വേണ്ടിയും കളിച്ച താരമാണ്. ഫ്രാങ്ക് ഡിബോയറാണ് ഇനി ഓറഞ്ചുപടയെ പരിശീലിപ്പിക്കുക. ഹോളണ്ട് നാഷണൽ ടീം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അൻപത് വയസ്സുകാരനായ ഇദ്ദേഹം അടുത്ത രണ്ട് വർഷത്തേക്കാണ് ഹോളണ്ടിനെ പരിശീലിപ്പിക്കുക.

2022 വേൾഡ് കപ്പിലും ഇദ്ദേഹം തന്നെയായിരിക്കും നെതർലാന്റ് ടീമിന്റെ കോച്ച്. ഡച്ച് നാഷണൽ ടീമിന് വേണ്ടി 112 മത്സരങ്ങൾ കളിച്ച താരമാണ് ഡി ബോയർ. വെസ്ലി സ്‌നൈഡർ, വാൻ ഡർ സെർ എന്നിവർ മാത്രമേ ഇദ്ദേഹത്തിനേക്കാൾ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടൊള്ളൂ. 1990 ഇറ്റലിക്കെതിരെ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം 2004-ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വീഡനെതിരെ കളിക്കുന്നത് വരെ ഹോളണ്ട് ടീമിൽ സ്ഥിരസാന്നിധ്യമായിരുന്നു. ക്ലബ് തലത്തിൽ അയാക്സിനൊപ്പം ചാമ്പ്യൻസ് ലീഗും ക്ലബ് വേൾഡ് കപ്പും നേടാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തുടർന്ന് അദ്ദേഹം ബാഴ്സലോണയിലേക്ക് ചേക്കേറി. അവസാനം ഈ ഡിഫൻഡർ ഖത്തറിൽ ആണ് തന്റെ കരിയർ അവസാനിപ്പിച്ചത്. പരിശീലകവേഷത്തിലും താരം അയാക്സിൽ ജോലി ചെയ്തിട്ടുണ്ട്. അയാക്സിന് നാല് ലീഗ് കിരീടങ്ങൾ ഇദ്ദേഹം നേടികൊടുത്തിരുന്നു. തുടർന്ന് ഇന്റർമിലാൻ, ക്രിസ്റ്റൽ പാലസ്, അറ്റ്ലാന്റ യുണൈറ്റഡ് എന്നിവരുടെ പരിശീലകനായി. 2010-ൽ ഡച്ച് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ഇദ്ദേഹമായിരുന്നു. അതേ വർഷമാണ് ഹോളണ്ട് വേൾഡ് കപ്പ് ഫൈനലിൽ എത്തിയത്. ഇദ്ദേഹത്തിന്റെ വരവ് ഡച്ച് ടീമിന് ശക്തി പകരും.

Leave a Reply

Your email address will not be published. Required fields are marked *