എൻസോയെ സ്റ്റേഡിയത്തിലിരുത്തി ഓട്ടമെന്റിയെ മാത്രം ആദരിച്ച് ബെൻഫിക്ക!

ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ചാമ്പ്യന്മാരായപ്പോൾ അതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചിട്ടുള്ള രണ്ടു താരങ്ങളാണ് എൻസോ ഫെർണാണ്ടസും നിക്കോളാസ് ഓട്ടമെന്റിയും. വേൾഡ് കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നത് എൻസോ ഫെർണാണ്ടസായിരുന്നു. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് രണ്ട് താരങ്ങളും കളിച്ചു കൊണ്ടിരിക്കുന്നത്.ബെൻഫിക്കക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്.

ഇന്നലെ പോർച്ചുഗീസ് ലീഗിൽ നടന്ന മത്സരത്തിനു മുന്നേ സൂപ്പർ താരമായ നിക്കോളാസ് ഓട്ടമെന്റിയെ ബെൻഫിക്ക ആദരിച്ചിരുന്നു. വേൾഡ് കപ്പ് മെഡൽ അദ്ദേഹം കാണികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു.എന്നാൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ എൻസോ ഫെർണാണ്ടസിനെ ബെൻഫിക്ക ആദരിച്ചിരുന്നില്ല.

എന്തെന്നാൽ വേൾഡ് കപ്പ് അവസാനിച്ചതിനുശേഷം എൻസോ ബെൻഫിക്കയിലേക്ക് മടങ്ങിയെത്തിയിരുന്നു. അതിനുശേഷം ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടി ക്ലബ്ബിന്റെ അനുമതി കൂടാതെ അദ്ദേഹം അർജന്റീനയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇതിന്റെ ശിക്ഷ നടപടിയെന്നോണമാണ് ഇന്നലത്തെ മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്ന് പോലും എൻസോയെ ബെൻഫിക്ക പരിശീലകൻ ഒഴിവാക്കിയത്. തുടർന്ന് സ്റ്റേഡിയത്തിൽ ഇരുന്നു കൊണ്ടാണ് എൻസോ ഈ മത്സരം വീക്ഷിച്ചത്. മാത്രമല്ല ശിക്ഷയുടെ ഭാഗമായി അദ്ദേഹത്തിന് ക്ലബ് സ്വീകരണം നൽകിയതുമില്ല.

അതേസമയം എൻസോ ചെൽസിയുമായി പേഴ്സണൽ അഗ്രിമെന്റിൽ എത്തിയിരുന്നു. പക്ഷേ റിലീസ് ക്ലോസ് നൽകാൻ തയ്യാറാവാതെ ചെൽസി പിൻവാങ്ങുകയായിരുന്നു. ഇതോടെ ചെൽസിയിലേക്ക് ചേക്കേറാനുള്ള എൻസോയുടെ ശ്രമം നടന്നതുമില്ല. ഈ വിഷയത്തിൽ ബെൻഫിക്ക ആരാധകർക്ക് എൻസോയോട് ദേഷ്യമുണ്ട്. അതുകൊണ്ടുതന്നെ ആരാധകരുടെ പ്രതിഷേധങ്ങളിൽ നിന്ന് താരത്തെ രക്ഷിക്കാൻ കൂടി വേണ്ടിയാണ് ആദരിക്കാതിരുന്നത് എന്ന കാരണവും പ്രമുഖ അർജന്റീന മാധ്യമമായ Tyc സ്പോർട്സ്‌ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *