ഉറുഗ്വയെ നേരിടാൻ ബ്രസീൽ, കടലാസിലെ കണക്കുകൾ ബ്രസീലിനൊപ്പം !

വേൾഡ് കപ്പ് യോഗ്യത പോരാട്ടങ്ങളിൽ നാളെ നടക്കുന്ന മത്സരത്തിൽ ഉറുഗ്വയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീൽ. തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ചു കൊണ്ടാണ് ബ്രസീലിന്റെ വരവെങ്കിൽ മൂന്നെണ്ണത്തിൽ രണ്ട് വിജയവും ഒരു തോൽവിയുമായാണ് ഉറുഗ്വയുടെ വരവ്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ അവർ കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ തകർത്തു വിട്ടു എന്നുള്ളത് ബ്രസീലിന് ചങ്കിടിപ്പേറ്റുന്ന ഒന്നാണ്. എന്നാൽ ഇരുടീമുകൾക്കും തങ്ങളുടെ സൂപ്പർ താരങ്ങളെ നഷ്ടമായിട്ടുണ്ട്. പരിക്ക് മൂലം നെയ്മർ ബ്രസീലിയൻ ടീമിൽ ഇല്ലെങ്കിൽ കോവിഡ് മൂലം സുവാരസിനും ഉറുഗ്വൻ ടീമിൽ നിന്നും മാറിനിൽക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ കൂട്ടീഞ്ഞോ, കാസമിറോ തുടങ്ങിയവരുടെ അഭാവവും ബ്രസീലിന് തിരിച്ചടിയാണ്. പക്ഷെ കടലാസിലെ കണക്കുകൾ തങ്ങൾക്ക്‌ അനുകൂലമാണ് എന്നുള്ളത് ബ്രസീലിനെ സംബന്ധിച്ചെടുത്തോളം ആശ്വാസകരമായ കാര്യമാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30-ന് ഉറുഗ്വയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക.

ഈ അടുത്ത കാലത്തൊന്നും ബ്രസീൽ ഉറുഗ്വയോട് തോൽവി അറിഞ്ഞിട്ടില്ല എന്നുള്ളതാണ് ബ്രസീലിന് ആശ്വാസകരമായ കാര്യം. അവസാനമായി ഇരുടീമുകളും കൊമ്പുകോർത്ത പത്ത് മത്സരത്തിൽ അഞ്ചെണ്ണത്തിൽ ബ്രസീൽ വിജയിക്കുകയും അഞ്ചെണ്ണം സമനിലയിൽ കലാശിക്കുകയുമാണ് ചെയ്തത്. അവസാനമായി 2018-ലായിരുന്നു ഇരുവരും കൊമ്പുകോർത്തത്. അന്ന് ബ്രസീൽ 1-0 എന്ന സ്കോറിന് വിജയിച്ചു.നൂറ് വർഷത്തോളം വരുന്ന ചരിത്രത്തിൽ ഇതുവരെ 76 തവണയാണ് ഇരുവരും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 36 എണ്ണത്തിൽ ബ്രസീൽ വിജയിച്ചപ്പോൾ 20 എണ്ണം സമനിലയിൽ കലാശിക്കുകയും 20 എണ്ണത്തിൽ ബ്രസീൽ തോൽക്കുകയും ചെയ്തു. ഈ മത്സരങ്ങളിൽ നിന്നായി 136 ഗോളുകൾ ബ്രസീൽ നേടിയപ്പോൾ 97 ഗോളുകൾ ഉറുഗ്വയും നേടി. 1944-ൽ 6-1 ന് വിജയിച്ചതാണ് ബ്രസീലിന്റെ ഏറ്റവും വലിയ വിജയമെങ്കിൽ 1920-ൽ 6-0 ക്ക്‌ തോറ്റതാണ് ബ്രസീലിന്റെ ഏറ്റവും വലിയ തോൽവി. ഏതായാലും കടലാസിലെ കണക്കുകൾ ബ്രസീലിന്റെ കൂടെയുണ്ട് എന്നുള്ളത് ടിറ്റെക്കും സംഘത്തിനും ആശ്വാസകരമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *