ആലിസൺ ബ്രസീൽ ടീമിൽ നിന്നും പുറത്ത്, പകരം എഡേഴ്സണെ തിരിച്ചു വിളിച്ച് ടിറ്റെ !

കഴിഞ്ഞ ദിവസമായിരുന്നു ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ ആലിസൺ ബക്കറിന് പരിക്കേറ്റത്. പരിശീലനത്തിനിടെ മറ്റൊരു സഹതാരവുമായി കൂട്ടിയിടിച്ചായിരുന്നു ആലിസണ് പരിക്കേറ്റത്. ഇക്കാര്യം ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ എത്രകാലം താരം പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാവുകയൊള്ളൂ എന്ന് ക്ലോപ് അറിയിച്ചിരുന്നു. എന്നാൽ താരത്തിന് ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ബ്രസീലിന് വേണ്ടി കളിക്കാൻ സാധിക്കില്ലെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ വ്യക്തമാക്കി. തുടർന്ന് താരത്തെ ബ്രസീൽ ടീമിൽ നിന്ന് ഒഴിവാക്കുകയും പകരം മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾകീപ്പർ എഡേഴ്സണെ ടിറ്റെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ആലിസണിന്റെ അഭാവത്തിൽ ഇന്നലെ ആസ്റ്റൺ വില്ലക്കെതിരെ കളത്തിലിറങ്ങിയ ലിവർപൂൾ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. അതേ സമയം ലീഡ്‌സ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ സിറ്റി സമനില വഴങ്ങിയിരുന്നുവെങ്കിലും എഡേഴ്‌സൺ തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യം ടിറ്റെ ടീം പ്രഖ്യാപിച്ചപ്പോൾ എഡേഴ്സണ് ഇടം നൽകിയിരുന്നില്ല. ആലിസണെ കൂടാതെ പാൽമിറാസിന്റെ വെവേർട്ടണെയും അത്ലെറ്റിക്കോയുടെ സന്റോസിനെയുമായിരുന്നു ടിറ്റെ വിളിച്ചിരുന്നത്. എന്നാൽ ആലിസൺ പുറത്തായതോടെ എഡേഴ്സണെ ടിറ്റെ തിരിച്ചു വിളിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ടിറ്റെ സ്ക്വാഡിൽ മാറ്റം വരുത്തുന്നത്. മുമ്പ് പരിക്കേറ്റ ജീസസിനെ ഒഴിവാക്കി കുൻഹയെ ഉൾപ്പെടുത്തിയിരുന്നു. ഈ മാസം ഒമ്പതാം തിയ്യതി ബൊളീവിയെക്കെതിരെയും പതിമൂന്നാം തിയ്യതി പെറുവിനെതിരെയുമാണ് ബ്രസീൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *