അവൻ ബോൾ ബോയ് ആയിരിക്കാം: കസ്സാനോയെ പരിഹസിച്ച് റൊണാൾഡോയുടെ സഹോദരി!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ചുകൊണ്ട് മുൻ ഇറ്റാലിയൻ താരമായ അന്റോണിയോ കസ്സാനോ രംഗത്ത് വന്നിരുന്നു. റൊണാൾഡോ 900 ഗോളുകൾ പൂർത്തിയാക്കിയതിനായിരുന്നു ഇദ്ദേഹം പരിഹസിച്ചിരുന്നത്.ക്രിസ്റ്റ്യാനോക്ക് വേണമെങ്കിൽ 3000 ഗോളുകൾ വരെ നേടാമെന്നും എന്നാൽ ഫുട്ബോൾ എങ്ങനെ കളിക്കണം എന്നുള്ളത് അദ്ദേഹത്തിന് അറിയില്ല എന്നുമായിരുന്നു കസ്സാനോ പറഞ്ഞിരുന്നത്. ടീമിന് വേണ്ടി ഫുട്ബോൾ കളിക്കാൻ റൊണാൾഡോക്ക് അറിയില്ല എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.
മുൻപ് റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് കസ്സാനോ.അദ്ദേഹത്തിന്റെ ഈ വിമർശനങ്ങൾ വലിയ രൂപത്തിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിനെ പരിഹസിച്ചുകൊണ്ട് റൊണാൾഡോയുടെ സഹോദരിയായ എല്മ രംഗത്ത് വന്നിട്ടുണ്ട്.കസ്സാനോയെ തനിക്ക് അറിയില്ലെന്നും ഒരുപക്ഷേ ബോൾ ബോയ് ആയിരിക്കാം എന്നുമാണ് എൽമ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുള്ളത്.അവരുടെ വാക്കുകൾ ഇങ്ങനെയാണ്.
“ആരാണ് ഈ പാവം പിടിച്ച ആൾ എന്നുള്ളത് എനിക്കറിയില്ല.അതിൽ വലിയ കാര്യമൊന്നുമില്ല. ഒരു കാര്യം എനിക്ക് മനസ്സിലായി,അദ്ദേഹത്തിന് 900 ഗോളുകൾ നേടാൻ കഴിയില്ല എന്ന്. ഇനി അങ്ങനെ അദ്ദേഹം ചെയ്തു എന്ന് സങ്കൽപ്പിക്കുക, അപ്പോൾ അവർ പറയും അദ്ദേഹം ഒരു ഫുട്ബോളർ ആണെന്ന്. പക്ഷേ എന്റെ അഭിപ്രായത്തിൽ അദ്ദേഹം ഫുട്ബോളർ ഒന്നുമല്ല. ഒരുപക്ഷേ ബോൾ ബോയ് ആയിരിക്കാം ” ഇതാണ് കസ്സാനോയെ പരിഹസിച്ചുകൊണ്ട് റൊണാൾഡോയുടെ സഹോദരി എഴുതിയിട്ടുള്ളത്.
ഈ പ്രായത്തിലും ഒരുപാട് ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിക്കുന്നുണ്ട്. എന്നാൽ മറ്റുള്ള സ്ട്രൈക്കർമാരെ പോലെ അതൊന്നും ടീമിന് ഉപകരിക്കുന്നില്ല എന്നാണ് കസ്സാനോ ആരോപിച്ചിരിക്കുന്നത്. എന്നാൽ ഇത്തരം വിമർശനങ്ങൾ ഒന്നും തന്നെ റൊണാൾഡോയെ തളർത്തുന്നില്ല.ഈ സീസണിൽ എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. സൗദി അറേബ്യൻ ലീഗിൽ നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.