ഹീറോയായി രാഹുൽ, പിന്നിൽ നിന്ന് തിരിച്ചടിച്ച് ബംഗളുരുവിനെ കീഴടക്കി ബ്ലാസ്റ്റേഴ്‌സ് !

അവസാനനിമിഷം മലയാളി താരം കെപി രാഹുൽ രക്ഷകനായപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. അല്പം മുമ്പ് നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് തകർത്തു വിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം കരസ്ഥമാക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് കൊമ്പൻമാർ വീരോചിതതിരിച്ചു വരവ് നടത്തിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന മൂന്നാം വിജയമാണിത്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്ത്‌ തന്നെയാണ്. ഇത്രയും പോയിന്റ് തന്നെയുള്ള ബാംഗ്ളൂരു ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞിട്ടില്ല എന്നുള്ളത് ആരാധകർക്ക്‌ ആശ്വാസം പകരുന്ന കാര്യമാണ്.

മത്സരത്തിന്റെ ഇരുപത്തിനാലാം മിനുട്ടിൽ ക്ലയിറ്റൺ സിൽവയാണ് ബിഎഫ്സിയുടെ ആദ്യ ഗോൾ നേടിയത്. ഒരു ത്രോവിൽ നിന്ന് ലഭിച്ച പന്ത് അക്രോബാറ്റിക്ക്‌ രൂപേണ സിൽവ വലയിൽ എത്തിക്കുകയായിരുന്നു. ഈ ഗോളിന് 73-ആം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് മറുപടി നൽകുന്നത്. ഗാരി ഹൂപറിന്റെ അസിസ്റ്റിൽ നിന്ന് ലാൽതതാങ്ങയാണ് ഗോൾ കണ്ടെത്തിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് രാഹുലിന്റെ വിജയഗോൾ വന്നത്. ഹൂപ്പർ തന്നെ നൽകിയ പന്തുമായി മുന്നേറിയ രാഹുൽ ഒരു ഡിഫൻഡറെയും ഗോൾകീപ്പറെയും കബളിപ്പിച്ച് വലയിൽ എത്തിച്ചതോടെ ജയം ബ്ലാസ്റ്റേഴ്‌സിന്റെ വരുതിയിലായി.

Leave a Reply

Your email address will not be published. Required fields are marked *