സഹലും രാഹുലും ഇന്നിറങ്ങുമോ? കിബു വിക്കുനക്ക്‌ പറയാനുള്ളത് ഇങ്ങനെ !

ഈ ഐഎസ്എല്ലിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് നേരിടാനുള്ളത് ചെന്നൈയിൻ എഫ്സിയെയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് കേവലം ഒരു പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാൻ സാധിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ ഇന്ന് വിജയം നേടാൻ സാധിച്ചിട്ടില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥകൾ കൂടുതൽ മോശമാവും. ആദ്യ രണ്ട് മത്സരത്തിലും മലയാളി യുവതാരം രാഹുൽ കെപിക്ക്‌ കളിക്കാൻ സാധിച്ചിരുന്നില്ല. പരിക്കായിരുന്നു താരത്തിന് വിനയായത്. മറ്റൊരു മലയാളിയായ സഹൽ ആദ്യ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും രണ്ടാം മത്സരത്തിൽ ടീമിലിടം നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. താരവും ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലമാണ് പുറത്തിരുന്നതെന്ന് കിബു വിക്കുന വിശദീകരണം നൽകിയിരുന്നു. ഏതായാലും ഇരുവരും ഇന്ന് കളിക്കുമോ എന്നുള്ളതിന് വിശദീകരണം നൽയിരിക്കുകയാണ് വിക്കുന. ഇരുവരും കളിക്കുമെന്ന കാര്യത്തിൽ വിക്കുന ഉറപ്പ് നൽകിയിട്ടില്ല. പരിശീലനത്തിലെ പുരോഗതി പരിശോധിച്ച ശേഷം മാത്രമേ ഇരുവരെയും കളിപ്പിക്കുകയൊള്ളൂ എന്ന് വിക്കുന അറിയിച്ചിട്ടുണ്ട്. ഇരുവരും ടീമിനോടൊപ്പമുണ്ടെന്നും കളിക്കാൻ സജ്ജരാണോ എന്നുള്ളത് മുഴുവൻ പരിശീലനസെഷന് ശേഷം മാത്രമേ പറയാൻ സാധിക്കുകയൊള്ളൂ എന്നും പരിശീലകൻ അറിയിച്ചു.

” രാഹുൽ കെപിയും സഹൽ അബ്ദു സമദും ടീമിനോടൊപ്പം പരിശീലനം നടത്തിയിരുന്നു. രണ്ടു പേരും മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ്. പക്ഷെ എല്ലാ പരിശീലന സെഷനുകൾ പൂർത്തിയായ ശേഷം മാത്രമേ അവർ കളിക്കാൻ തയ്യാറാണോ എന്ന് പറയാനാവുകയൊള്ളൂ ” കിബു വിക്കുന പറഞ്ഞു. ആദ്യ മത്സരത്തിൽ ജംഷഡ്പൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌ തകർത്തു കൊണ്ടാണ് ചെന്നൈയിൻ എഫ്സി കടന്നു വരുന്നത്. താപ്പ, ഇസ്മ എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ, ഉറപ്പിച്ച ജയം കൈവിട്ടു കളഞ്ഞു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. ഇന്നത്തെ മത്സരം വിജയിച്ചില്ലേൽ അത്‌ ബ്ലാസ്റ്റേഴ്‌സിന് ക്ഷീണമാകും.

Leave a Reply

Your email address will not be published. Required fields are marked *