സഹലിന്റെ സുന്ദരഗോൾ,ആദ്യപാദം സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്!

ഈ ഐഎസ്എല്ലിലെ ഷീൽഡ് ജേതാക്കളെന്ന തലയെടുപ്പോടെ സെമി ഫൈനലിലെ ആദ്യപാദത്തിന് എത്തിയ ജംഷഡ്പൂരിന് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ അടിതെറ്റി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യപാദ മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സൂപ്പർതാരം സഹൽ അബ്ദു സമദ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഇനി രണ്ടാംപാദം കൂടി അനുകൂലമായാൽ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറാം. വരുന്ന പതിനഞ്ചാം തീയതിയാണ് രണ്ടാംപാദ പോരാട്ടം അരങ്ങേറുക.

കഴിഞ്ഞ മത്സരത്തിൽ നിന്നും നിരവധി മാറ്റങ്ങളോടു കൂടിയാണ് ഇവാൻ ഇന്ന് ആദ്യ ഇലവനെ ഇറക്കിയത്. രണ്ട് ടീമുകളും ബലാബലമുള്ള പോരാട്ടമാണ് കാഴ്ചവെച്ചത്.എന്നാൽ മത്സരത്തിന്റെ 38-ആം മിനുട്ടിൽ സഹൽ ഒരു സുന്ദര ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന് ലീഡ് നേടി കൊടുക്കുകയായിരുന്നു.അൽവാരോ വാസ്കസിന്റെ നീളൻ ബോൾ ജംഷെഡ്പൂർ ഡിഫൻഡർ ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും സഹലിന് വീണ് കിട്ടുകയായിരുന്നു. ഉടൻ തന്നെ താരം ഗോൾകീപ്പറുടെ മുകളിലൂടെ പന്ത് വലയിലെത്തിച്ചു.ഈ ഗോളാണ് പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളായി മാറിയത്. രണ്ടാംപകുതിയിൽ ജംഷെഡ്പൂർ ആക്രമണങ്ങൾ അഴിച്ചു വിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ഡിഫൻസ് നല്ല രൂപത്തിൽ കൈകാര്യം ചെയ്തു.മിന്നുന്ന പ്രകടനം നടത്തിയ ഡിഫൻഡർ ഹോർമിപാമും ഇന്നത്തെ വിജയത്തിൽ നിർണായക താരമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *