ലക്ഷ്യം ഗോളടിച്ചുകൂട്ടൽ തന്നെ, ആരാധകർക്ക്‌ ആവേശമായി ഹൂപ്പർ പറയുന്നതിങ്ങനെ !

ഈ ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകൾ മുഴുവനും ഗാരി ഹൂപ്പറെന്ന സൂപ്പർ സ്‌ട്രൈക്കറുടെ ബൂട്ടുകളിലാണ്. ഒരു കാലത്ത് സ്ക്കോട്ടിഷ് ലീഗിൽ സെൽറ്റിക്കിന് വേണ്ടി ഗോളടിച്ചു കൂട്ടി ആരാധകരെ വിസ്മയിപ്പിച്ച ഗാരി ഹൂപ്പർ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. കഴിഞ്ഞ സീസണിൽ ഓഗ്ബച്ചെ നടത്തിയ ഗോളടി ഹൂപ്പർ തുടരുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ആരാധകർക്ക്‌ ആവേശം പകരുന്ന പ്രസ്താവനകളാണ് ഹൂപ്പർ നടത്തിയിട്ടുള്ളത്. ഐഎസ്എല്ലിലും ഗോളടിച്ചു കൂട്ടൽ തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ഹൂപ്പർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് കൂടുതൽ ഗോളുകൾ നേടണമെന്ന ആഗ്രഹം ഗാരി ഹൂപ്പർ തുറന്നു പ്രകടിപ്പിച്ചത്. ടോട്ടൻഹാമിന്റെ യൂത്ത് ടീമിലൂടെ വളർന്ന താരം സെൽറ്റിക്ക്, നോർവിച്ച് സിറ്റി എന്നീ ടീമുകൾക്ക്‌ വേണ്ടി കളിച്ചിട്ടുണ്ട്.

” ഇന്ത്യൻ സൂപ്പർ ലീഗ് വളർന്നു വരുന്ന ഒരു ലീഗാണ്. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വിക്കുനയുമായി സംസാരിച്ചപ്പോൾ തന്നെ വളരെയധികം താല്പര്യം ജനിപ്പിക്കുന്ന ഒരു ക്ഷണമായാണ് എനിക്ക് അനുഭവപ്പെട്ടത്. കൂടുതൽ ഗോളുകൾ നേടണമെന്ന ലക്ഷ്യത്തോട് കൂടിയാണ് ഞാൻ ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഇവിടെയുള്ള മത്സരത്തിൽ ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്ന കാര്യമുറപ്പാണ്. ഒരു ഓപ്പൺ കളിശൈലിയാണ് ഇന്ത്യൻ ഫുട്ബോളിലുള്ളത്. എന്റെ കളിശൈലി എന്നുള്ളത് ബോക്സിനകത്ത് വെച്ച് ഗോളുകൾ കണ്ടെത്തുക എന്നുള്ളതാണ്. ബോക്സിന് വെളിയിൽ നിന്ന് കൂടുതൽ ഗോളുകളൊന്നും ഞാൻ നേടാറില്ല. എന്റെ ഗോളുകൾ മിക്കതും ബോക്സിനകത്ത് വെച്ചാണ് ” ഹൂപ്പർ പറഞ്ഞു. സ്കോട്ടിഷ് ലീഗിൽ സെൽറ്റിക്കിന് വേണ്ടി 82 ഗോളുകൾ നേടിയ താരമാണ് ഹൂപ്പർ. തുടർച്ചയായി രണ്ട് തവണ ലീഗ് കിരീടം നേടാനും ഇതുവഴി അവർക്ക് സാധിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും കളിക്കാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് ഹൂപ്പർ.

Leave a Reply

Your email address will not be published. Required fields are marked *