രക്ഷകവേഷമണിഞ്ഞ് ആൽബിനോ, ചെന്നൈക്കെതിരെ കൊമ്പൻമാർക്ക് സമനില !

ഗോൾകീപ്പർ ആൽബിനോ ഗോമസ് രക്ഷകവേഷമണിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടത് തോൽവിയിൽ നിന്ന്. അല്പം മുമ്പ് നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയിലാണ് ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്സിയെ തളച്ചത്. ചെന്നൈയുടെ ഒരു പെനാൽറ്റി തടഞ്ഞതുൾപ്പടെ മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തിയ ഗോൾകീപ്പർ ആൽബിനോ ഗോമസാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് വഴങ്ങുന്ന തുടർച്ചയായ രണ്ടാം സമനിലയാണിത്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നത്. മത്സരത്തിൽ ഇരുടീമുകളും ഒരുപോലെ മികച്ചു നിന്നെങ്കിലും കുറച്ചധികം ആക്രമണങ്ങൾ ചെന്നൈയുടെ ഭാഗത്തു നിന്നുണ്ടാവുകയായിരുന്നു. നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിനാവട്ടെ മൂന്നാം സ്ഥാനത്തും.

രാഹുൽ, സഹൽ എന്നിവർ ഇല്ലാതെ തന്നെയാണ് ഇത്തവണയും വിക്കുന ആദ്യ ഇലവൻ ഇറക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെന്നൈ മികച്ച മുന്നേറ്റങ്ങൾ നടത്തി. എന്നാൽ പതിതെ ബ്ലാസ്റ്റേഴ്‌സ് കളിയിലേക്ക് തിരിച്ചു വന്നു. ഇടയിൽ നവോറത്തിന് മികച്ച ഒരു അവസരം ലഭിച്ചുവെങ്കിലും മുതലെടുക്കാനായില്ല. ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിലും അതേ സ്ഥിതി തന്നെ തുടർന്നു. എന്നാൽ 74-ആം മിനുട്ടിൽ ചെന്നൈക്ക്‌ അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു. പക്ഷെ സിൽവെസ്റ്റർ എടുത്ത ആ പെനാൽറ്റി ആൽബിനോ ഗോമസ് തടുത്തിടുകയായിരുന്നു. പിന്നീടും ഇരുടീമുകളും ഗോളുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ സമനിലയിൽ പിരിയുകയായിരുന്നു. ഇനി ചെന്നൈക്ക്‌ ബെംഗളൂരുവിനോടാണ് മത്സരമെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് ഗോവയോടാണ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *