മുന്നിൽ നിന്നും നയിക്കാൻ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻമാർ തയ്യാർ !

ISL ഏഴാം സീസൺ നവംബർ ഇരുപതിന് തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലേക്കുള്ള ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു. മൂന്ന് പേരെയാണ് നായകന്മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ലിസ്റ്റിൽ ഒരു ഇന്ത്യൻ താരവും രണ്ട് വിദേശ താരങ്ങളുമാണുള്ളത്. ജെസ്സൽ കാർനിറോ, സെർജിയോ സിഡോഞ്ച, കോസ്റ്റ നൊമയ്ൻസു എന്നിവർക്കിടയിലാവും ഇത്തവണ ക്യാപ്റ്റൻ്റെ ആം ബാൻഡ് റൊട്ടേറ്റ് ചെയ്യുക.

ഗോവക്കാരനായ ജെസ്സൽ കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. പോയ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണദ്ദേഹം. ജെസ്സലിൻ്റെ ക്യാപ്റ്റൻ സ്ഥാനം തികച്ചും അർഹിക്കുന്ന അംഗീകാരമാണ്. സ്പാനിഷ് താരമായ സെർജിയോ സിഡോഞ്ചയും കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. പരിക്കിൻ്റെ പിടിയിൽ പെട്ടതിനാൽ പോയ സീസണിൽ അദ്ദേഹത്തിന് തിളങ്ങാനായിരുന്നില്ല. ഈ സീസണിൽ സിഡോയിൽ നിന്നും മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പ് ജംഷഡ്പൂർ FCയിൽ കളിച്ചിട്ടുള്ള താരത്തിന് ISLൽ വേണ്ടത്ര പരിചയ സമ്പത്തുണ്ട്. അത്കൊണ്ട് തന്നെ സിഡോഞ്ചക്ക് ടീമിനെ നയിക്കാനാവും എന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. ഇത്തവണ പുതുതായി ടീമിലേക്ക് വന്ന താരമാണെങ്കിലും ബ്ലാസ്റ്റേഴ്സിൻ്റെ ഡിഫൻസിലെ കരുത്താണ് കോസ്റ്റ നൊമയ്ൻസു. യൂറോപ്യൻ ഫുട്ബോളിലെ അനുഭവസമ്പത്തുമായാണ് ഈ സിംബാബ്വെക്കാരൻ ബ്ലാസ്റ്റേഴ്‌സിനെ നയിക്കാൻ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *