മത്സരഫലം ആശങ്കാജനകം, ടീമിനെ ബാധിച്ചത് അക്കാര്യം, തുറന്നു പറഞ്ഞ് കിബു വിക്കുന !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയോട് തകർന്നടിഞ്ഞത്. ഒരു ഘട്ടത്തിൽ പോലും ബ്ലാസ്റ്റേഴ്‌സിനെ മത്സരത്തിലേക്ക് തിരിച്ചു വരാൻ അനുവദിക്കാതെ ഗോവ വിജയം കരസ്ഥമാക്കുകയായിരുന്നു. ഇരട്ട ഗോളുകൾ നേടിയ ഇഗോർ അങ്കുളോയുടെ മികവിലാണ് ഗോവ വിജയം സ്വന്തമാക്കിയതെങ്കിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. നാലു മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയും രണ്ട് തോൽവിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം.

അതേസമയം ഈ തോൽവിയിൽ ഏറെ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വിക്കുന. മത്സരഫലം ഏറെ ആശങ്കയുണർത്തുന്നതും നിരാശാജനകവുമാണ് എന്നാണ് വിക്കുന തുറന്നു പറഞ്ഞത്. സിഡോഞ്ചയുടെ പരിക്ക് ടീമിനെ ബാധിച്ചുവെന്നും മോശം പ്രകടനത്തിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലാസ്റ്റേഴ്‌സിനേക്കാൾ നല്ല ടീമാണ് ഗോവ സമ്മതിച്ച കിബു കോസ്റ്റയുടെ റെഡ് കാർഡ് തിരിച്ചടിയായെന്നും തുറന്നു പറഞ്ഞു.

” ഒരു പരിശീലകൻ എന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് ഈ റിസൾട്ട്‌ തന്നെയാണ്. ഞങ്ങളുടെ പ്രക്രിയ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നതേയൊള്ളൂ. സെർജിയോ സിഡോഞ്ചയുടെ പരിക്ക് ഞങ്ങളെ നന്നായി ബാധിച്ചിട്ടുണ്ട്. ടീമിന്റെ പ്രകടനത്തിൽ മാത്രമല്ല ഓരോ താരങ്ങളെയും സിഡോഞ്ചയുടെ പരിക്ക് ബാധിച്ചിട്ടുണ്ട്. ഞങ്ങൾക്ക്‌ ഇനിയും മുന്നോട്ട് പോവാനുണ്ട്. വ്യത്യസ്ഥമായ മത്സരങ്ങളാണ് വരാനുള്ളത് അതെല്ലാം നല്ല രീതിയിൽ കളിക്കാനാവുമെന്ന് വിശ്വസിക്കുന്നു ” കിബു തുടർന്നു.

” ഇന്ന് ബ്ലാസ്റ്റേഴ്‌സിനേക്കാൾ നല്ല ടീമാണ് ഗോവ. രണ്ട് ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഞങ്ങൾ പിഴവുകൾ വരുത്തി കൊണ്ട് അവരെ ഗോൾ നേടാൻ അനുവദിക്കുകയായിരുന്നു. അവർക്ക് കിട്ടിയ അവസരങ്ങൾ അവർ മുതലെടുത്തു. കോസ്റ്റയുടെ റെഡ് കാർഡ് ഞങ്ങൾക്ക്‌ തിരിച്ചടിയായി. ആ സമയത്ത് ഞങ്ങൾ സമനില പിടിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ ഒരു താരം കുറഞ്ഞത് ശരിക്കും ബാധിച്ചു. അതിനാലാണ് ആ മൂന്നാം ഗോൾ പിറന്നത് ” കിബു വിക്കുന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *