ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ പ്രേരിപ്പിച്ച ഘടകമെന്ത്? മനസ്സ് തുറന്ന് കോസ്റ്റ നമൊയ്നേസു !

ഐഎസ്എല്ലിലെ ഈ സീസണിലെ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എടികെ മോഹൻ ബഗാനെയാണ് കിബു വിക്കുന പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നേരിടുന്നത്. ഇന്ന് രാത്രി 7:30-നാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഗോവയിൽ വെച്ചാണ് മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കാൻ വന്നിരുന്നത് പരിശീലകൻ വിക്കുനയും പ്രതിരോധനിര താരം കോസ്റ്റ നമൊയ്നേസുവുമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ പ്രതീക്ഷ നൽകുന്ന താരമാണ് ഈ സിംബാബെക്കാരൻ. ഇപ്പോഴിതാ താൻ ബ്ലാസ്റ്റേഴ്‌സിൽ എത്താനുള്ള കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കുവാനുള്ള ആഗ്രഹങ്ങളുമാണ് തന്നെ ഇവിടെ എത്തിച്ചത് എന്നാണ് കോസ്റ്റ തുറന്നു പറഞ്ഞത്. തന്റെ വിശപ്പടക്കാൻ പോന്ന ക്ലബാണ് ബ്ലാസ്റ്റേഴ്‌സ് എന്ന് താൻ മനസ്സിലാക്കിയെന്നും കോസ്റ്റ അറിയിച്ചു.

” കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യങ്ങളെ കുറിച്ചും അവർ സ്വന്തമാക്കാൻ കൊതിക്കുന്ന നേട്ടങ്ങളെ കുറിച്ചും കേട്ടറിഞ്ഞപ്പോൾ ഞാനൊരു കാര്യം മനസ്സിലാക്കി, എന്റെ വിശപ്പകറ്റാൻ പോന്ന ക്ലബാണ് ബ്ലാസ്റ്റേഴ്‌സ് എന്നുള്ളത്. എനിക്കെപ്പോഴും മത്സരിക്കാൻ ഇഷ്ടമാണ്. കൂടാതെ ഞാൻ മുമ്പ് പ്രവർത്തിച്ച പരിശീലകൻ കൂടി ഉണ്ടായത് കാര്യങ്ങൾ എളുപ്പമാക്കി. കാര്യങ്ങൾ ഓരോ പടിപടിയായി ചെയ്യാനാണ് എനിക്കിഷ്ടം. ഉദാഹരണത്തിന് ഞാനിപ്പോൾ ആദ്യ മത്സരത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഈ സീസൺ എങ്ങനെ പോവുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ ഞാൻ ചിന്തിക്കുന്നില്ല. തീർച്ചയായും വരാനിരിക്കുന്ന മത്സരത്തിന് വേണ്ടി ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു ” കോസ്റ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *