ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവേട്ടക്കാരനാവാൻ ഗാരി ഹൂപ്പർക്ക്‌ സാധിക്കുമോ? താരത്തെ കുറിച്ച് അറിയേണ്ടതെല്ലാം !

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടി മേളം തീർക്കുകയും ഒരൊറ്റ സീസൺ കൊണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോററാവുകയും ചെയ്ത ഓഗ്ബച്ചെയുടെ സ്ഥാനത്തേക്കാണ് ഇംഗ്ലീഷ് സ്ട്രൈക്കറായ ഗാരി ഹൂപ്പറെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിക്കുന്നത്. ഈ പ്രീ സീസണിൽ താരം ഒരു ഗോൾ കണ്ടെത്തുകയും ചെയ്തു. താരത്തിന്റെ ബൂട്ടുകളിൽ തന്നെയാണ് ഇപ്രാവശ്യം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ. ബ്ലാസ്റ്റേഴ്‌സിന്റെ എൺപത്തിയെട്ടാം നമ്പർ ജേഴ്സി അണിയുന്ന താരം ഓഗ്ബച്ചെയുടെ വിടവ് നികത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ടോട്ടൻഹാമിന്റെ യൂത്ത് ടീമിലൂടെയാണ് ഹൂപ്പർ വളർന്നത്. തുടർന്ന് എട്ട് വർഷം അവിടെ ചിലവഴിച്ചു. പക്ഷെ അദ്ദേഹം തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തിയത് 2006-ൽ സൗത്തേന്റ് യുണൈറ്റഡിന് വേണ്ടിയാണ്.

തുടർന്ന് ഹൂപ്പർ 2008-ൽ സ്കൻതോർപ്പിലേക്ക് ചേക്കേറി. അവിടെയുള്ള തന്റെ ആദ്യ സീസണിൽ 47 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളാണ് ഹൂപ്പർ നേടിയത്. തുടർന്ന് താരത്തിന്റെ ക്ലബ്ബിന് പ്രൊമോഷൻ ലഭിക്കുകയും ചെയ്തു. അവിടെയും ഹൂപ്പർ ഗോളടി തുടർന്നു. ആ സീസണിൽ 19 ഗോളുകൾ താരം നേടിയതോടെ സ്കോട്ടിഷ് ക്ലബായ സെൽറ്റിക് താരത്തെ റാഞ്ചി.

സ്കോട്ടിഷ് ലീഗിൽ മൂന്ന് സീസണാണ് ഹൂപ്പർ സെൽറ്റിക്കിനൊപ്പം ചിലവഴിച്ചത്. കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളായിരുന്നു അത്. 132 മത്സരങ്ങളിൽ 82 ഗോളുകൾ നേടിയ താരം രണ്ട് ലീഗ് കിരീടവും നേടി. തുടർന്ന് പ്രീമിയർ ലീഗിലേക്ക് താരം ചേക്കേറി. നോർവിച്ച് സിറ്റിക്ക്‌ വേണ്ടി 70 മത്സരങ്ങൾ കളിച്ച താരം 20 ഗോളുകൾ നേടി. തുടർന്ന് നോർവിച്ച് വിട്ട ശേഷം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല. 2019-ൽ വെല്ലിങ്ടൺ ഫീനിക്സിലേക്ക് താരം ചേക്കേറുകയായിരുന്നു. അവസാന സീസണിൽ എ ലീഗിൽ വെല്ലിങ്ടണ് വേണ്ടി 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ താരം കണ്ടെത്തിയിരുന്നു. താരം കേരള ബ്ലാസ്റ്റേഴ്‌സിലും തന്റെ ഗോളടി മികവ് ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *