ബ്ലാസ്റ്റേഴ്സിന് പുത്തനുണർവേകാൻ ജോർഡൻ മുറേ, താരത്തെ കുറിച്ച് അറിയേണ്ടതെല്ലാം !

ഈ സീസണിലെ ഐഎസ്എല്ലിലെ സൈനിങ്ങിന്റെ നിയമങ്ങളിൽ ചെറിയൊരു മാറ്റം അധികൃതർ വരുത്തിയിരുന്നു. എന്തെന്നാൽ എഎഫ്സി അംഗങ്ങളായ രാജ്യങ്ങളിൽ നിന്നും ഒരു താരത്തെ നിർബന്ധമായും ഓരോ ടീമും എത്തിക്കണം. അതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സ് എ-ലീഗിൽ നിന്നും ഓസ്ട്രേലിയൻ മുന്നേറ്റനിര താരമായ ജോർഡൻ മുറേയെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചത്. ഒരുപിടി പ്രതീക്ഷകളോടെയാണ് ഈ ഒമ്പതാം നമ്പർ ജേഴ്സിക്കാരനെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചത്.

ഇരുപത്തിയഞ്ചുകാരനായ മുറേ ഓസ്ട്രേലിയയിലെ സെക്കന്റ്‌ ഡിവിഷൻ ക്ലബായ സൗത്ത് കോസ്റ്റ് വോൾവ്സിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്.

തുടർന്ന് എൻപിഎല്ലിൽ താരം ഗോൾ വേട്ടയിൽ റെക്കോർഡ് കുറിച്ചു. എൻപിഎല്ലിൽ ന്യൂ സൗത്ത് വെയിൽസിന് വേണ്ടി 23 ഗോളുകളാണ് താരം ഒരു വർഷം അടിച്ചു കൂട്ടിയത്. രണ്ട് വർഷം ക്ലബ്ബിൽ തുടർന്ന താരം 64 മത്സരങ്ങളിൽ നിന്ന് 43 ഗോളുകളാണ് അടിച്ചു കൂട്ടിയത്.

തുടർന്ന് സെൻട്രൽ കോസ്റ്റ് മറിനേഴ്സിന് വേണ്ടിയാണ് മുറേ ബൂട്ടണിഞ്ഞത്. തന്റെ എ ലീഗിലെ ആദ്യ സീസണിൽ 23 മത്സരങ്ങളിൽ നിന്ന് താരത്തിന് മൂന്ന് ഗോളുകൾ മാത്രമേ നേടാനായിട്ടൊള്ളൂ. ഈ മത്സരങ്ങളിൽ പതിമൂന്നെണ്ണത്തിൽ മാത്രമേ താരം സ്റ്റാർട്ട്‌ ചെയ്തിട്ടുള്ളൂ.

കഴിഞ്ഞ സീസണിൽ പതിനെട്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മുറേ നേടിയിട്ടുണ്ട്. പതിമൂന്നു മത്സരങ്ങളിലാണ് താരം ആദ്യ ഇലവനിൽ സ്റ്റാർട്ട്‌ ചെയ്തത്. ഇതുവരെ ഓസ്ട്രേലിയൻ ടീമിന് വേണ്ടി കളിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്ന മെസ്സി ബൗളിയുടെ അഭാവം താരം നികത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *