ഗംഭീരതിരിച്ചു വരവുമായി ബെംഗളൂരു, ബ്ലാസ്റ്റേഴ്‌സ് തരിപ്പണം !

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ദുരിതകാലമവസാനിക്കുന്നില്ല. ഇന്ന് നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയും ബ്ലാസ്റ്റേഴ്‌സ് തകർത്തു തരിപ്പണമാക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം തോൽവിയാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങുന്നത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് നാണംകെട്ടത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര കാഴ്ച്ചവെച്ച മോശം പ്രകടനമാണ് വിനയായത്. ബെംഗളൂരു എഫ്സിക്ക് വേണ്ടി ക്ലയിറ്റൺ, ഒപ്സത്, ഡിമാസ്, ഛേത്രി എന്നിവരാണ് ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ മലയാളി താരം കെപി രാഹുൽ, വിസന്റെ ഗോമസ് എന്നിവർ നേടുകയയായിരുന്നു. ജയത്തോടെ ബെംഗളൂരു പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് എത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്ത് തന്നെയാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാൻ കഴിഞ്ഞത്.

മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ രാഹുൽ കെപിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടുകയായിരുന്നു. ഹൂപ്പർ നടത്തിയ കൌണ്ടർ അറ്റാക്ക് രാഹുൽ ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ പിന്നീട് ഗംഭീരതിരിച്ചു വരവാണ് ബെംഗളൂരു നടത്തിയത്. 29-ആം മിനിറ്റിൽ ഡിഫൻസിന്റെ വലിയ പിഴവിൽ നിന്ന് ക്ലയിറ്റൺ ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഛേത്രിക്ക്‌ ലഭിച്ച പെനാൽറ്റി ആൽബിനോ കൈപ്പിടിയിലൊതുക്കുകയായിരുന്നു. എന്നാൽ പിന്നാലെ ഒപ്സെതും ഡിമാസും ഗോൾ കണ്ടെത്തി. 52, 53 മിനുട്ടുകളിലാണ് ഈ ഗോളുകൾ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. ഡിഫൻസിന്റെ പിഴവാണ് ഈ ഗോളുകൾ വഴങ്ങാൻ കാരണം. പിന്നാലെ വിസന്റെ ഗോമസ് ഒരു ഗോൾ മടക്കി പ്രതീക്ഷ ജനിപ്പിച്ചുവെങ്കിലും 65-ആം മിനുട്ടിൽ സുനിൽ ഛേത്രി ഒരു ഹെഡർ ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്‌സ് പതനം പൂർണ്ണമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *