ഓഗ്ബച്ചെ നിർത്തിയിടത്ത് നിന്ന് തുടങ്ങാൻ ഗാരി ഹൂപ്പർക്കാവുമോ? പ്രതീക്ഷയോടെ ആരാധകർ !

ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം വലിയ മാറ്റങ്ങളൊന്നുമില്ലാത്ത സീസണാണ് കഴിഞ്ഞ വർഷം കടന്നു പോയതെങ്കിലും ടീമിന്റെ ഗോൾവേട്ടയിൽ കാര്യമായ ചലനം സംഭവിച്ചിരുന്നു. സാധാരണഗതിയിൽ ഗോൾക്ഷാമം നേരിടാറുള്ള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ തവണ വലിയ തോതിൽ അതനുഭവപ്പെട്ടിരുന്നില്ല. അതിനുള്ള പ്രധാനകാരണം സൂപ്പർ സ്‌ട്രൈക്കർ ഓഗ്ബച്ചെയും മെസ്സി ബൗളിയുമായിരുന്നു. ഒരു സീസൺ മാത്രം ബ്ലാസ്റ്റേഴ്സിൽ കളിച്ച ഓഗ്ബച്ചെ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന പട്ടവും കൊണ്ടാണ് കളം വിട്ടത്. 15 ഗോളുകളായിരുന്നു കഴിഞ്ഞ സീസണിൽ താരം അടിച്ചു കൂട്ടിയിരുന്നത്. കൂടാതെ മെസ്സി ബൗളിയും താരത്തിന് കനത്ത പിന്തുണ നൽകി. എട്ട് ഗോളും ഒരു അസിസ്റ്റുമായിരുന്നു മെസ്സി ബൗളിയിൽ നിന്നും പിറന്നത്. ഇങ്ങനെ അത്യാവശ്യം ഗോൾ നേടിയ ഒരു ടീമായിരുന്നു കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സ്.

ഇപ്രാവശ്യത്തെ ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്നുള്ളത് ഇരുവരുടെയും പകരക്കാരെ കണ്ടെത്തുക എന്നതായിരുന്നു. അങ്ങനെ ഓഗ്ബച്ചെയുടെ സ്ഥാനത്തേക്ക് ഗാരി ഹൂപ്പറും മെസ്സിയുടെ സ്ഥാനത്തേക്ക് ജോർദാൻ മറേയും കടന്നു വന്നത്. ഇതിൽ ഹൂപ്പറിന്റെ ബൂട്ടുകളിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകൾ മുഴുവനും. കഴിഞ്ഞ തവണ ഓഗ്ബച്ചെ നിർത്തിവെച്ച ഗോളടി വേട്ട തുടരാൻ മുൻ നോർവിച്ച് സിറ്റി താരമായ ഹൂപ്പറിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണിൽ വെല്ലിങ്ടൺ ഫീനിക്സിൽ കളിച്ച താരം 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് കണ്ടെത്തിയത്. എന്നാൽ തന്റെ കരിയറിന്റെ തുടക്കകാലത്ത്, സെൽറ്റിക്കിന് വേണ്ടി കളിക്കുന്ന സമയത്തായിരുന്നു ഹൂപ്പറിന്റെ മിന്നും ഫോമിന് ഫുട്ബോൾ ലോകം സാക്ഷിയായത്. സ്ക്കോട്ടിഷ് ക്ലബായ സെൽറ്റിക്കിന് വേണ്ടി 95 മത്സരങ്ങളിൽ നിന്ന് 63 ഗോളുകളായിരുന്നു ഈ താരം അടിച്ചു കൂട്ടിയിരുന്നത്. അതിന് ശേഷം താരം 2013-ൽ പ്രീമിയർ ലീഗിലെ നോർവിച്ചിൽ എത്തിച്ചേർന്നത്. ഏതായാലും ഗോളടിക്കാൻ കഴിവുള്ള താരമാണ് ഹൂപ്പർ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷെ ബ്ലാസ്റ്റേഴ്‌സിൽ ആ ഗോളടി മികവ് തുടരുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *