ഓഗ്ബച്ചെയെ ഇറക്കിയത് പകരക്കാരനായിട്ട്, വിശദീകരണവുമായി മുംബൈ പരിശീലകൻ !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈ സിറ്റി ഗോവയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിൽ ലെ ഫോന്ദ്രേ നേടിയ ഗോളാണ് മുംബൈക്ക്‌ വിജയം നേടികൊടുത്തത്. മത്സരത്തിന്റെ നാല്പതാം മിനുട്ടിൽ പത്ത് പേരായി ചുരുങ്ങിയിട്ടും ഗോവ പിടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ തൊണ്ണൂറാം മിനുട്ടിൽ ഗോൾ വഴങ്ങി കൊണ്ട് ഗോവ മത്സരം കൈവിടുകയും ചെയ്തു. മത്സരത്തിൽ സൂപ്പർ താരം ഓഗ്ബച്ചെ ക്ക്‌ ആദ്യ ഇലവനിൽ പരിശീലകൻ സെർജിയോ ലൊബേറ സ്ഥാനം നൽകിയിരുന്നില്ല. രണ്ടാം പകുതിയിൽ ആക്രമണം കടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓഗ്ബച്ചെയെ പകരക്കാരനായി ഇറക്കിയത് എന്നാണ് ലൊബേറ പറഞ്ഞത്. ഓഗ്ബച്ചെ തന്റെ ജോലി മനോഹരമായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഓഗ്ബച്ചെക്കും ലെ ഫോന്ദ്രേക്കും ഒരുമിച്ച് കളിക്കാനാവുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

” എന്റെ താരങ്ങളിൽ ഞാൻ സന്തോഷവാനും അഭിമാനം കൊള്ളുന്നവനുമാണ്. പകരക്കാരെ ഇറക്കിയത് മത്സരത്തിൽ ഗുണം ചെയ്തു. രണ്ടാം പകുതിയിൽ കൂടുതൽ താരങ്ങൾ ബോക്സിനുള്ളിൽ വേണമെന്നാണ് ഞാൻ ചിന്തിച്ചിരുന്നത്.ആ സ്ഥാനത്തേക്കാണ് ഓഗ്ബച്ചെ വരുന്നത്. മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. ഞങ്ങൾ ഫുൾ ബാക്കുമാരെ മാറ്റുകയും ചെയ്തു. ഈയൊരു തന്ത്രമുപയോഗിച്ചത് കൊണ്ട് ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ ഞങ്ങൾക്ക്‌ സാധിച്ചു. നല്ല രീതിയിലാണ് ഓഗ്ബച്ചെ കളിച്ചത്. എന്ത് കൊണ്ടാണ് പരിശീലകൻ തന്നെ പുറത്തിരുത്തിയതെന്ന് ഓഗ്ബച്ചെക്ക്‌ കൃത്യമായി അറിയാം ” ലൊബേറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *