ഒഡീഷ കരുത്തർ, എന്നാൽ കടുത്ത മത്സരം കളിക്കാൻ തയ്യാറായിക്കഴിഞ്ഞു : വുകുമനോവിച്ച്
ഐഎസ്എല്ലിൽ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുന്നുണ്ട്. ഒഡീഷ്യ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 7:30ന് ഒഡീഷയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.
ഏതായാലും ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുകുമനോവിച്ച് പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. കൂട്ടത്തിൽ എതിരാളികളായ ഒഡീഷയെ കുറിച്ചും ഇദ്ദേഹം സംസാരിച്ചു. എതിരാളികൾ കരുത്തരാണെന്നും എന്നാൽ കടുത്ത മത്സരം കളിക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായിക്കഴിഞ്ഞു എന്നുമാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
തയ്യാറെടുപ്പുകൾ തുടരുന്നു 👊⚽#OFCKBFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/mzujU5XLQf
— Kerala Blasters FC (@KeralaBlasters) October 22, 2022
” ഈ മത്സരത്തിൽ ഞങ്ങൾ ലക്ഷ്യം വെക്കുന്നത് വിജയം തന്നെയാണ്. ഞങ്ങളുടെ താരങ്ങൾ എല്ലാവരും വിജയിക്കാൻ വേണ്ടി മാത്രം പോരാടുന്നവരാണ്. വിജയിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ എല്ലാ കാര്യങ്ങളെയും പോസിറ്റീവായി മാത്രമാണ് കാണുന്നത്.എതിരാളികളായ ഒഡീഷ്യ കരുത്തുറ്റ ടീമാണ്. എന്നാൽ കടുത്ത മത്സരങ്ങൾ കളിക്കാൻ ഞങ്ങളുടെ ടീം ഇപ്പോൾ തയ്യാറെടുത്തു കഴിഞ്ഞു ” ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ഒരു വലിയ തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.ഈ സീസണിലെ ആദ്യത്തെ എവേ മത്സരമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിക്കാൻ ഒരുങ്ങുന്നത്. വിജയം നേടാനായാൽ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.