ഐ ലീഗല്ല ഐഎസ്എൽ, ബ്ലാസ്റ്റേഴ്‌സ് പരിശീലകന് മുന്നറിയിപ്പ് നൽകി എടികെ പരിശീലകൻ !

ഈ സീസണിലെ ഐഎസ്എല്ലിലെ അരങ്ങേറ്റമത്സരത്തിൽ ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ കൊമ്പുകോർക്കാനിരിക്കുകയാണ്. അടിമുടി മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഐഎസ്എല്ലിനെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിലെ ടീമിൽ നിന്നും നിരവധി മാറ്റങ്ങളുണ്ട്. കൂടാതെ മോഹൻ ബഗാനെ ഐ ലീഗ് കിരീടമണിയിച്ച കിബു വിക്കുനയെന്ന പരിശീലകൻ ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. എന്നാൽ മോഹൻ ബഗാനാവട്ടെ എടികെയിൽ ലയിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് തവണ കിരീടമുയർത്തിയ എടികെ തലയുയർത്തി തന്നെയാണ് ഇക്കുറിയും ഐഎസ്എല്ലിനെത്തുന്നത്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് പരിശീലകം കിബു വിക്കുനക്ക്‌ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എടികെ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ്. ഐ ലീഗല്ല ഐഎസ്എല്ലെന്നും ഇത് വ്യത്യസ്ഥമായ കോമ്പിറ്റീഷനാണ് എന്നുമാണ് കിബു വിക്കുനക്ക്‌ ഇദ്ദേഹം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള പരിശീലകനാണ് ലോപസ് ഹബാസ്.

” കിബു വിക്കുന മോഹൻ ബഗാനിൽ വളരെ നല്ല രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത് എന്നെനിക്കറിയാം. പക്ഷെ ഈ വർഷം അദ്ദേഹമുള്ളത് വ്യത്യസ്ഥമായ ഒരു കോമ്പിറ്റീഷനിലും വ്യത്യസ്ഥമായ ഒരു സീസണിലുമാണ്. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. പക്ഷെ ഞങ്ങൾ ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിൽ മൂന്ന് പോയിന്റ് നേടാനാണ് ഞങ്ങൾ ശ്രമിക്കുക. ഓരോ മത്സരത്തിലും ഞങ്ങൾ അതിന് വേണ്ടിയാണ് ശ്രമിക്കുക ” ഹബാസ് പറഞ്ഞു.എടികെയെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സിന് ആശ്വാസകരമായ കാര്യം ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ അവസാനആറ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല എന്നുള്ളതാണ്. മൂന്നെണ്ണത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ മൂന്നെണ്ണത്തിൽ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി.

Leave a Reply

Your email address will not be published. Required fields are marked *