ഐഎസ്എല്ലിന് ഇനി നാളുകൾ മാത്രം, ഈ മാസത്തെ മൂന്ന് സൂപ്പർ പോരാട്ടങ്ങൾ ഇവയൊക്കെ !

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാൻ ഇനി നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്. വരുന്ന ഇരുപതാം തിയ്യതി ഗോവയിൽ വെച്ച് എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ മാറ്റുരക്കുന്നതോട് കൂടി ഈ സീസണിലെ ഐഎസ്എല്ലിന് തിരശീലയുയരും. പതിനൊന്ന് ടീമുകളാണ് ഇത്തവണ കിരീടത്തിനായി പോരാടിക്കുന്നത്. ഇതിൽ ഈസ്റ്റ് ബംഗാളാണ് പുതുതായി ജോയിൻ ചെയ്തത്. മറ്റൊരു ടീമായ മോഹൻ ബഗാൻ എടികെയിൽ ലയിക്കുകയായിരുന്നു. ഈ മാസം ഒരുപിടി മികച്ച മത്സരങ്ങൾ ആരാധകരെ കാത്തിരിക്കുന്നുണ്ട്. അതിലേറ്റവും മികച്ച മത്സരങ്ങൾ ആവുമെന്ന് വിലയിരുത്തപ്പെടുന്ന മൂന്ന് മത്സരങ്ങൾ താഴെ നൽകുന്നു.

മുംബൈ സിറ്റി എഫ്സി Vs എഫ്സി ഗോവ (നവംബർ 25) : ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരാണ് ഗോവ. 205 ഗോളുകളാണ് ഇതുവരെ ഗോവ അടിച്ചു കൂട്ടിയിട്ടുള്ളത്. ഇതിൽ മുപ്പത്തിമൂന്ന് എണ്ണവും മുംബൈക്കെതിരെയാണ് എന്നുള്ളത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അതിനാൽ തന്നെ ഇതിനൊക്കെ പകരം ചോദിക്കാനാവും മുംബൈ കളത്തിലിറങ്ങുക.ഒരുപിടി മികച്ച താരങ്ങൾ ഇത്തവണ മുംബൈയിൽ എത്തിയിട്ടുണ്ട് എന്നുള്ളത് ആരാധകർക്ക് ആശ്വാസം നൽകുന്ന ഒന്നാണ്.

ഈസ്റ്റ് ബംഗാൾ vs എടികെ മോഹൻ ബഗാൻ (നവംബർ 27) : ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും ആവേശഭരിതവുമായ ഡെർബിയാണ് ഈസ്റ്റ് ബംഗാൾ vs മോഹൻ ബഗാൻ പോരാട്ടം. ഇത്തവണ ഈ ഡെർബി നടക്കുന്നത് ഐഎസ്എല്ലിൽ ആണെന്ന് മാത്രം. ഇരുടീമുകൾക്കും വമ്പിച്ച ആരാധകപിന്തുണയുണ്ട് എന്നുള്ളത് ഈ ഡെർബിയുടെ ആവേശം വർധിപ്പിക്കുന്നുണ്ട്. ഏതായാലും ഐഎസ്എല്ലിലെ ഈ രണ്ട് ക്ലബുകളുടെ ഡെർബിക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ചെന്നൈയിൻ എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് (നവംബർ 29): മറ്റൊരു ആവേശകരമായ ഡെർബിയാണ് ബ്ലാസ്റ്റേഴ്‌സും ചെന്നൈയിനും തമ്മിലുള്ള മത്സരം. കഴിഞ്ഞ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ നിരവധി ഗോളുകൾ പിറന്ന ഒരു ത്രില്ലർ ആയിരുന്നു കാണാൻ സാധിച്ചത്. കൊച്ചിയിൽ ചെന്നൈക്ക് ഇതു വരെ ആറ് മത്സരങ്ങളിൽ നിന്ന് നേടാനായത് കേവലം മൂന്ന് ഗോളുകൾ മാത്രമാണ്. ഇരുടീമുകളും പുതിയ താരങ്ങളും പരിശീലകരുമായിട്ടാണ് രംഗത്ത് വരുന്നത്. 2016-ന് ശേഷം ആദ്യമായി സെമി ഫൈനലിൽ കേറാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *