എടികെയുടെ നായകനാവാൻ ജിങ്കനും, ഹബാസ് കണ്ടുവെച്ച അഞ്ച് ക്യാപ്റ്റൻമാർ ഇവരൊക്കെ !

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിനുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ അവസാനഘട്ടത്തിലാണ്. നവംബർ ഇരുപതാം തിയ്യതി എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ മാറ്റുരക്കുന്നതോട് കൂടി ഈ സീസണിലെ ഐഎസ്എല്ലിന് തിരശീലയുയരും. ഇക്കാലമത്രയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനകളിൽ ഒരാളായ സന്ദേശ് ജിങ്കൻ ഇക്കുറി ബ്ലാസ്റ്റേഴ്‌സിനൊപ്പമില്ല. മാത്രമല്ല എതിരാളികളായ എടികെ മോഹൻ ബഗാനാണ് താരത്തെ തങ്ങളുടെ പാളയത്തിലെത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ എടികെയുടെയും നായകനാവാനുള്ള ഒരുക്കത്തിലാണ് സന്ദേശ് ജിങ്കൻ. അഞ്ച് പേരെയാണ് പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ് ഈ സ്ഥാനത്തേക്ക് കണ്ടുവെച്ചിരിക്കുന്നത്. അതിലൊരാൾ സന്ദേശ് ജിങ്കനാണ്.

ഈ സീസണിലെ ഏറ്റവും വലിയ സൈനിങ്ങുകളിൽ ഒന്നാണ് ജിങ്കന്റെത്. ജിങ്കന് പുറമേ ഡിഫൻഡർ പ്രീതം കോട്ടാൽ, ഗോൾകീപ്പർ അരീന്ദം ഭട്ടാചാര്യ എന്നീ രണ്ട് ഇന്ത്യൻ താരങ്ങളാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കൂടാതെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയാൻ രണ്ട് വിദേശതാരങ്ങളുമുണ്ട്. ഫിജിയൻ സൂപ്പർ താരം റോയി കൃഷ്ണ, മധ്യനിരയിലെ മിന്നും താരം എഡു ഗാർഷ്യ എന്നിവരാണ് പരിഗണനയിൽ ഉള്ളത്. 27 അംഗ സ്‌ക്വാഡിൽ നിന്നും ഈ അഞ്ച് താരങ്ങളിൽ ഒരാളാണ് എടികെയുടെ ക്യാപ്റ്റൻ ആവുക.എന്നാൽ ഇതിൽ ആരെ പരിഗണിക്കും എന്നുള്ളത് വ്യക്തമല്ല. വരുന്ന വെള്ളിയാഴ്ച ജിഎംസി സ്റ്റേഡിയത്തിൽ വെച്ചാണ് എടികെ ബ്ലാസ്റ്റേഴ്‌സിനെ നേരിടുക. ആരാണ് ക്യാപ്റ്റനാവുക എന്നുള്ളത് അന്ന് അറിയാം. കോവിഡ് കാരണം ഈ പ്രാവിശ്യത്തെ മത്സരങ്ങൾ എല്ലാം തന്നെ ഗോവയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *