അവിശ്വസനീയം,ശ്വാസം നിലച്ച ത്രില്ലർ,8 ഗോളുകൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സിന് സമനില!

ആദ്യപകുതിയിൽ രണ്ടുഗോളുകൾക്ക് മുന്നിട്ടുനിൽക്കുന്നു,പിന്നീട് നാലു ഗോളുകൾ വഴങ്ങുന്നു,പിന്നീട് രണ്ട് തുടർച്ചയായി രണ്ട് ഗോളുകൾ നേടി സമനില പിടിക്കുന്നു. ഒരല്പം മുമ്പ് നടന്ന ഗോവക്കെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനമാണിത്. ആരാധകരുടെ ശ്വാസം നിലച്ച ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഇരുടീമുകളും കൈ കൊടുത്തു പിരിഞ്ഞു.4-4 എന്ന സ്കോറിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കേരളബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്.

പ്രധാനപ്പെട്ട താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവൻ പ്രഖ്യാപിച്ചത്.അൽവാരോ വാസ്ക്കസിനും ലൂണക്കുമൊക്കെ ഇവാൻ ആദ്യ ഇലവനിൽ സ്ഥാനം നൽകിയില്ല.മത്സരത്തിന്റെ പത്താം മിനുട്ടിലാണ് പെരീര ഡയസ് ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുക്കുന്നത്.സഹലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. അഞ്ചു മിനിറ്റുകൾക്ക് ശേഷം ഡയസ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് വീണ്ടും ഉയർത്തി.ചെഞ്ചോയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഡയസ് ലക്ഷ്യം കാണുകയായിരുന്നു. ഈ രണ്ട് ഗോളുകളുടെ ലീഡിൽ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് കളം വിട്ടു.

എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. കബ്രെറയുടെ ഹാട്രിക്ക് ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.49,63,82 മിനുട്ടുകളിലായിരുന്നു കബ്രെറ ഗോളുകൾ നേടിയത്.79-ആം മിനുട്ടിൽ ഡോഹ്ലിങ്ങിന്റെ ഗോൾ കൂടി ഉണ്ടായിരുന്നു.ഇതോടെ 4-2 എന്ന സ്കോറിനുള്ള തോൽവി ബ്ലാസ്റ്റേഴ്സ് മുന്നിൽ കണ്ടു.

പക്ഷേ ബ്ലാസ്റ്റേഴ്സ് കീഴടങ്ങാൻ തയ്യാറായിരുന്നില്ല. പരിശീലകൻ വരുത്തിയ മാറ്റങ്ങൾ കൃത്യമായി ഫലം കണ്ടു.88-ആം മിനുട്ടിൽ ചെഞ്ചോയുടെ അസിസ്റ്റിൽ നിന്നും വിൻസി ഒരു ഗോൾ മടക്കി. രണ്ട് മിനുട്ടിനുശേഷം പ്രശാന്തിന്റെ അസിസ്റ്റിൽ നിന്നും വാസ്‌ക്കസ് കൂടി ഗോൾ നേടിയതോടെ മത്സരം 4-4 എന്ന സ്കോറിലായി.ഒടുവിൽ നാടകാന്ത്യം എന്ന രൂപേണ മത്സരം ഈ സ്കോറിൽ തന്നെ അവസാനിക്കുകയായിരുന്നു.ഇതോടെ 34 പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *