അത്പോലെയായിരുന്നുവെങ്കിൽ ചെന്നൈക്കെതിരെ വിജയം നേടാമായിരുന്നു, കിബു പറയുന്നു !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ സിറ്റി എഫ്സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരത്തിൽ വിജയം കൈവരിക്കാൻ ചെന്നൈക്ക്‌ പെനാൽറ്റിയിലൂടെ അവസരം ലഭിച്ചിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ആൽബിനോ ഗോമസ് രക്ഷകനാവുകയായിരുന്നു. തുടർച്ചയായ രണ്ടാം സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ഒന്നിൽ പോലും ബ്ലാസ്റ്റേഴ്‌സിന് വിജയം നേടാൻ സാധിച്ചിട്ടില്ല എന്നുള്ളത് ആരാധകർക്ക്‌ നിരാശ പകർത്തുന്ന കാര്യമാണ്. ഏതായാലും ഈ മത്സരത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകൻ കിബു വിക്കുന. മത്സരത്തിന്റെ അവസാനമായപ്പോഴേക്കും തങ്ങളുടെ താരങ്ങൾ തളർന്നു തുടങ്ങിയിരുന്നു എന്നാണ് കിബു വിക്കുന അറിയിച്ചത്. വ്യാഴാഴ്ചത്തെ മത്സരത്തിന് ശേഷം ഉടൻ തന്നെ മറ്റൊരു മത്സരത്തിന് ഇറങ്ങിയതാണ് താരങ്ങളുടെ തളർച്ചക്ക്‌ കാരണമെന്നും കിബു വിക്കുന കൂട്ടിച്ചേർത്തു.രണ്ടാമത്തെ മത്സരത്തിലെ കണ്ടീഷനിൽ കളിച്ചിരുന്നുവെങ്കിൽ വിജയിക്കാമായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

” ഞങ്ങൾ നല്ല രീതിയിൽ അല്ല മത്സരം ആരംഭിച്ചത്. പക്ഷെ ആദ്യ പകുതിയുടെ മധ്യത്തിൽ ഞങ്ങൾക്ക്‌ മത്സരത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുകയും മികച്ച പ്രകടനം നടത്താൻ കഴിയുകയും ചെയ്തു.പിന്നീട് എതിരാളികളുടെ ബോക്സിലേക്ക്‌ ക്രോസുകൾ നൽകാൻ സാധിക്കുകയും ചെയ്തു. പക്ഷെ അവസാന 20-30 മിനുട്ടുകൾക്കിടയിൽ ഞങ്ങൾ തളർന്നിരുന്നു. കാരണം ഞങ്ങൾ വ്യാഴാഴ്ച കളിച്ചിരുന്നു. എനിക്ക് തോന്നുന്നത് ഞങ്ങൾ രണ്ടാമത്തെ മത്സരം കളിച്ച അതേ കണ്ടീഷനിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾക്ക്‌ വിജയം നേടുകയും മൂന്ന് പോയിന്റുകൾ സ്വന്തമാക്കുകയും ചെയ്യാമായിരുന്നു ” കിബു വിക്കുന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *