95 ഗോളുകൾ,32 മത്സരങ്ങൾ, ഇന്നലെയും വിജയിച്ച് സാബിയുടെ ബയേർ ലെവർകൂസൻ.

ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന 22ആം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ബയേർ ലെവർകൂസൻ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്സി ഹെയ്ഡൻഹെയ്മിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ അഡ്ലിയാണ് മത്സരത്തിൽ ലെവർകൂസന് വേണ്ടി തിളങ്ങിയിട്ടുള്ളത്. അതേസമയം ഫ്രിംപോങ്ഇന്നലത്തെ മത്സരത്തിലും ഗോൾ കണ്ടെത്തിയിട്ടുണ്ട്.

സാബി അലോൺസോയുടെ കീഴിൽ ബയേർ ഇപ്പോൾ തങ്ങളുടെ അത്ഭുത കുതിപ്പ് തുടരുകയാണ്. എല്ലാ കോമ്പറ്റീഷനിലുമായി അവസാനമായി കളിച്ച 32 മത്സരങ്ങളിൽ ഒന്നിൽ പോലും അവർ പരാജയം അറിഞ്ഞിട്ടില്ല.അസാമാന്യ കുതിപ്പ് തന്നെയാണ് അവർ നടത്തുന്നത്. ഈ 32 മത്സരങ്ങളിൽ നിന്ന് 95 ഗോളുകളാണ് അവർ നേടിയിട്ടുള്ളത്. ക്ലബ്ബിന്റെ ആക്രമണം എത്രത്തോളം ശക്തമാണ് എന്നത് ഇതിൽ നിന്നും വളരെ വ്യക്തമാണ്.

ബയേറിന്റെ റൈറ്റ് വിംഗ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഫ്രിംപോങ്ങിന്റെ പ്രകടനമാണ് ഏവരെയും അമ്പരപ്പിക്കുന്നത്.ഈ സീസണിൽ 9 ഗോളുകളും 10 അസിസ്റ്റുകളും അദ്ദേഹം നേടിക്കഴിഞ്ഞു. ഒരു പ്രതിരോധനിരതാരമാണ് 19 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുള്ളത് എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. നിലവിൽ ജർമൻ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ബയേർ തന്നെയാണ്. 22 മത്സരങ്ങളിൽ നിന്ന് 58 പോയിന്റാണ് അവർക്കുള്ളത്. 21 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുള്ള ബയേൺ മ്യൂനിക്ക് രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.

ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് സാബിയുടെ ഭാവിയിലേക്കാണ്. പല ക്ലബ്ബുകളും പരിശീലകനായി കൊണ്ട് അദ്ദേഹത്തെ കൊണ്ടുവരാൻ താല്പര്യപ്പെടുന്നുണ്ട്.ലിവർപൂളും ബാഴ്‌സലോണയും തങ്ങളുടെ താൽപര്യങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ക്ലോപ് ഈ പരിശീലകനെ പ്രശംസിച്ചിരുന്നത്. കളിക്കുന്ന കാലത്ത് തന്നെ ഒരു കോച്ചിനെ പോലെയായിരുന്നു സാബി എന്നായിരുന്നു ക്ലോപ് പറഞ്ഞിരുന്നത്. ഏതായാലും ഇത്തവണത്തെ ജർമൻ ലീഗ് കിരീടം നേടാൻ കഴിഞ്ഞാൽ അത് ലെവർകൂസനെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *