11 വർഷത്തെ ആധിപത്യം അവസാനിച്ചു,ബയേണിന് എന്താണ് സംഭവിച്ചത്?
ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് ബയേർ ലെവർകൂസൻ സ്വന്തമാക്കിയത്. എതിരില്ലാത്ത 5 ഗോളുകൾക്ക് വെർഡർ ബ്രെമനെ അവർ തോൽപ്പിക്കുകയായിരുന്നു. ഇതോടുകൂടി അവർ ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി.120 വർഷത്തെ പഴക്കമുള്ള ഈ ക്ലബ്ബ് ആദ്യമായാണ് ജർമൻ ലീഗ് നേടുന്നത്. അതിന്റെ ക്രെഡിറ്റ് നൽകേണ്ടത് പരിശീലകൻ സാബി അലോൺസോക്കാണ്.
ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട കാര്യം ബയേൺ മ്യൂണിക്കിന്റെ ആധിപത്യം അവസാനിച്ചു എന്നുള്ളതാണ്. അവസാനത്തെ 11 ജർമൻ ലീഗ് കിരീടങ്ങളും സ്വന്തമാക്കിയത് ബയേൺ മ്യൂണിക്കായിരുന്നു. ആ കുതിപ്പിനാണ് ഇപ്പോൾ ബയേർ തടയിട്ടത്. ജർമ്മനിയിലെ സർവ്വശക്തരായിരുന്ന ബയേണിന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? അവരുടെ ഈ മോശം പ്രകടനത്തിന് കാരണം പലതാണ്.
ഏറ്റവും പ്രധാനപ്പെട്ട കാരണം പരിശീലകരെ മാറ്റേണ്ടി വരുന്നു എന്നുള്ളതാണ്.നഗൽസ്മാനെ പുറത്താക്കിയത് അബദ്ധമായി എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. തോമസ് ടുഷേലിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ നഗൽസ്മാനെ വീണ്ടും കൊണ്ടുവരണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ സമ്മറിൽ ഒരുപാട് താരങ്ങളെ ബയേൺ സ്വന്തമാക്കിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ഹാരി കെയ്നിന് വേണ്ടിയാണ്.ക്ലബ്ബിന്റെ ഈയൊരു മോശം പ്രകടനത്തിൽ ഒരു കാരണവശാലും ഹാരിയെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം 39 ഗോളുകളും 12 അസിസ്റ്റുകളും നേടി കൊണ്ട് ഈ സീസണിൽ അദ്ദേഹം ഏറെ തിളങ്ങിയിട്ടുണ്ട്. പക്ഷേ സമീപകാലത്ത് കൊണ്ടുവന്ന മറ്റുള്ള താരങ്ങൾ ഒന്നും തന്നെ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല എന്ന് പറയേണ്ടിവരും.
Bayern’s ELEVEN-YEAR streak of winning the Bundesliga is over 😱 pic.twitter.com/KAVxp158Ot
— B/R Football (@brfootball) April 14, 2024
കൂടാതെ പരിക്കുകൾ പലപ്പോഴും ബയേണിന് തിരിച്ചടിയായിട്ടുണ്ട്.പവാർഡിനെ കൈവിട്ടതും സ്റ്റാനിസിച്ചിനെ ലോണിൽ വിട്ടതും പകരക്കാർക്ക് വേണ്ടിയുള്ള തിരച്ചിലുകൾ വൈകി തുടങ്ങിയതുമൊക്കെ ഇതിന്റെ കാരണമായി കൊണ്ട് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സമീപകാലത്തെ ട്രാൻസ്ഫർ വിന്റോകളിലെ ക്ലബ്ബിന്റെ ഇടപെടലുകൾ പരാജയമായിരുന്നു എന്നാണ് പലരും ആരോപിക്കുന്നത്. കൂടാതെ ഡേവിസ്,കിമ്മിച്ച് എന്നിവർ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലുമാണ്. ചുരുക്കത്തിൽ ഒരു അഴിച്ചു പണി എന്തായാലും ബയേണിന് ആവശ്യമാണ്.ഈ സീസൺ അവസാനിക്കുന്നതോടുകൂടി പരിശീലകനായ തോമസ് ടുഷേൽ ക്ലബ്ബ് വിടുമെന്ന് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.