ഹാലണ്ട് ഉടനെ റയലിലേക്ക് പോകരുതെന്നുപദേശിച്ച് മുൻ റയൽ താരം

ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവസൂപ്പർ താരം എർലിങ് ഹാലണ്ട് ഉടനെ ടീം വിടരുതെന്നുപദേശിച്ച് മുൻ റയൽ മാഡ്രിഡ്‌ താരം മക്മനാമൻ. ഹാലണ്ട് ഉടനെ റയൽ മാഡ്രിഡിലേക്കോ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കോ കൂടുമാറുന്നത് അദ്ദേഹത്തിന്റെ കരിയറിന് ഗുണം ചെയ്യില്ലെന്നും ബൊറൂസിയയിൽ തന്നെ തുടർന്ന് പരിചയസമ്പത്ത് കൈമുതലാക്കിയതിന് ശേഷം മാത്രമേ മറ്റൊരു ടീമിലേക്ക് ചേക്കാറാവൂ എന്നും അദ്ദേഹം ഉപദേശിച്ചു.

” അദ്ദേഹം ഇപ്പോൾ ബൊറൂസിയ ഡോർട്മുണ്ട് വിടുകയാണേൽ അത് ഏറെ നേരത്തെയായി പോവും. അദ്ദേഹം സ്ഥിരമായി കളിക്കുന്നതും ഗോളടിക്കുന്നതും സന്തോഷം നൽകുന്ന കാഴ്ച്ചയാണ്. അദ്ദേഹം ബൊറൂസിയയിൽ തന്നെ തുടരണം. കുറച്ചു വർഷങ്ങൾ അവിടെ തുടരുകയും വേണം. ബൊറൂസിയക്ക് വേണ്ടി ഇരുന്നൂറ് മത്സരങ്ങളും, ഇരുപത് മുതൽ മുപ്പത് വരെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും പൂർത്തിയാക്കിയാൽ മാത്രമേ അദ്ദേഹത്തിന് പരിചയസമ്പന്നത കൈവരികയൊള്ളൂ. അതിന് ശേഷം വേണമെങ്കിൽ അദ്ദേഹത്തിന് ടീം വിടാം ” ഹോഴ്സ്റേസിങ്ങിന് നൽകിയ അഭിമുഖത്തിൽ മക്മനാമൻ പറഞ്ഞു.

” അദ്ദേഹം ഉടനെ റയലിലേക്ക് ചാടിപുറപ്പെട്ടാൽ അത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിക്കും. ഇപ്പോൾ ലുക്കാ ജോവിച്ചിന്റെ അവസ്ഥ തന്നെ നോക്കൂ. ജർമ്മനിയിൽ മികച്ച പ്രകടനം തുടർന്ന അദ്ദേഹത്തിന് റയലിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഹാലണ്ട് ഒരിക്കലും സമ്മർദ്ദത്തിന് അടിമപ്പെടേണ്ട ആവിശ്യമില്ല. കെയ്‌ലിൻ എംബപ്പേയെ റയൽ നോട്ടമിടുന്നതായി ഞാൻ കേട്ടിരുന്നു. അങ്ങനെ ആണേൽ ഈ രണ്ട് താരങ്ങളെയും ഒരേസമയം റയലിന് ആവിശ്യമില്ല ” മക്മനാമൻ പറഞ്ഞു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *