ഹാലണ്ടിന് റൊണാൾഡോയുടെ ലെവലിൽ എത്താൻ കഴിയുമെന്ന് ബ്രസീലിയൻ ഇതിഹാസം

ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന യുവതാരമാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ നോർവീജിയൻ സ്ട്രൈക്കെർ എർലിങ് ഹാലണ്ട്. ഈ സീസണിൽ ബൊറൂസിയയിൽ എത്തിയ താരം ബുണ്ടസ്‌ലീഗയിലും ചാമ്പ്യൻസ് ലീഗിലും ഗോളടിച്ചു കൂട്ടിയിരുന്നു. കഴിഞ്ഞ ആഴ്ച്ച പുനരാരംഭിച്ച ബുണ്ടസ്‌ലീഗയിലെ ആദ്യത്തെ മത്സരത്തിലും താരം ഗോൾ കണ്ടെത്തി. ഇപ്പോഴിതാ താരത്തെ പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. ബെറ്റ്ഫയറിന് വേണ്ടി എഴുതിയ കുറിപ്പിലാണ് റിവാൾഡോ താരത്തെ പുകഴ്ത്തിയത്. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ ലെവലിലേക്ക് എത്താൻ ഹാലണ്ടിന് കഴിയുമെന്നാണ് റിവാൾഡോയുടെ അഭിപ്രായം.

” നിലവിൽ അദ്ദേഹമൊരു മികച്ച താരമാണ്. പത്തൊൻപതാം വയസ്സിൽ തന്നെ അദ്ദേഹം മികവ് തെളിയിച്ചു കഴിഞ്ഞു. ഭാവിയിൽ ഇതിലേറെ നല്ല രീതിയിൽ കളിക്കാൻ അദ്ദേഹത്തിന് കഴിയും. അതുവഴി ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കെർമാരിലൊരാളാവാനും താരത്തിന് കഴിയും. നല്ല വ്യക്തിത്വത്തിനുടമയാണ് ഹാലണ്ട്. ഭയം കൂടാതെ, വളരെ ക്ഷമയോട് കൂടെ കളിക്കുന്ന താരം. ഒരു വേൾഡ് ക്ലാസ്സ്‌ താരമാണ് ഹാലണ്ട്. അത്കൊണ്ടാണ് ഒരുപാട് ക്ലബുകൾ അദ്ദേഹത്തിന്റെ പിറകിൽ കൂടിയിരിക്കുന്നത് ” റിവാൾഡോ കുറിച്ചു.

” ചില ആളുകൾ അദ്ദേഹത്തെ റൊണാൾഡോ നസാരിയോയുമായി കൂട്ടിവായിക്കുന്നത് കണ്ടു. തീർച്ചയായും ഹാലണ്ടിന്റെ പ്രകടനം റൊണാൾഡോയുമായി സാമ്യമുണ്ട്. വളരെ വേഗത്തിൽ, ഭയം കൂടാതെ ഗോളുകൾ നേടാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. പക്ഷെ ഇപ്പഴേ അദ്ദേഹം റൊണാൾഡോയെ പോലെ വിജയിക്കാനാവുമെന്ന് ചിന്തിക്കുന്നത് അബദ്ധമാണ്. റൊണാൾഡോ രണ്ട് വേൾഡ് കപ്പ് നേടിയ താരമാണ്. നാലെണ്ണത്തിൽ പങ്കെടുക്കുകയും ചെയ്തു. റൊണാൾഡോയുടെ ലെവലിൽ തീർച്ചയായും ഒരുപാട് സമയം ഹാലണ്ടിന് വേണം. പക്ഷെ അദ്ദേഹത്തിനു റൊണാൾഡോയുടെ ലെവലിൽ എത്താൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത് ” റിവാൾഡോ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *