ഹാട്രിക് നേട്ടം, 31 വർഷത്തെ ചരിത്രം മാറ്റിയെഴുതി സാഞ്ചോ

ഇന്നലെ പാഡെർബോണിനെതിരായ മത്സരത്തിൽ ഹാട്രിക് നേടികൊണ്ട് ബൊറൂസിയയുടെ തകർപ്പൻ ജയത്തിന് ചുക്കാൻ പിടിച്ചത് ഇംഗ്ലീഷ് താരം ജേഡൻ സാഞ്ചോയായിരുന്നു. മത്സരത്തിന്റെ 57, 74, 91 എന്നീ മിനുട്ടുകളിലായിരുന്നു സാഞ്ചോ വലകുലുക്കിയത്. ഈ ഹാട്രിക് നേട്ടത്തിലൂടെ മറ്റൊരു ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് സാഞ്ചോ. മുപ്പത്തിയൊന്ന് വർഷത്തെ ചരിത്രമാണ് സാഞ്ചോ തിരുത്തിയെഴുതിയത്. കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒഴികെയുള്ള ടോപ് ഫൈവ് ലീഗുകളിൽ ഹാട്രിക് നേടുന്ന ആദ്യഇംഗ്ലണ്ട് താരം എന്ന റെക്കോർഡാണ് സാഞ്ചോ സ്വന്തം പേരിലാക്കിയത്. ഒട്ടേറെ ഇംഗ്ലണ്ട് താരങ്ങൾ പ്രീമിയർ ലീഗിൽ ഹാട്രിക് നേടിയിരുന്നുവെങ്കിലും ഈ കാലയളവിൽ ഇംഗ്ലണ്ടിന് പുറത്തു ഒരു ഹാട്രിക് പോലും നേടാൻ ഇംഗ്ലണ്ട് താരത്തിന് കഴിഞ്ഞിരുന്നില്ല. ആ ഒരു ദുഷ്പേരാണ് ഇരുപതുകാരനായ താരം ഇന്നലെ മാറ്റികുറിച്ചത്.

മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് ബ്രയാൻ സ്റ്റീൻ ആണ് ഇപിഎൽ ഒഴികെയുള്ള ടോപ് ഫൈവ് ലീഗുകളിൽ ഹാട്രിക് കണ്ടെത്തിയ ഇംഗ്ലണ്ട് അവസാനതാരം. 1989 മെയ് മുപ്പത്തിയൊന്നിന് ലീഗ് വണ്ണിൽ കാന്നെസിനെതിരെ കെയ്നെക്ക് വേണ്ടിയാണ് സ്റ്റീൻ അന്ന് ഹാട്രിക് നേടിയത്. അതിന് ശേഷം സാഞ്ചോ ആണ് ഈ നേട്ടം സ്വന്തം പേരിൽ കുറിച്ചത്. ഗോൾനേട്ടത്തിന് ശേഷം അമേരിക്കയിൽ വർണ്ണവെറിക്കിരയായി കൊല്ലപ്പെട്ട ഫ്ലോയിഡിന്റെ നീതിക്ക് വേണ്ടി ശബ്‌ദിച്ചും സാഞ്ചോ ലോകത്തിന് മാതൃകയായിരുന്നു. തന്റെ കരിയറിലെ ആദ്യഹാട്രിക്കിൽ താൻ സന്തോഷവാനാണെന്നും എന്നാൽ ലോകത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും മാറ്റങ്ങൾക്ക് വേണ്ടി താൻ പ്രയത്നിക്കുമെന്നുമാണ് സാഞ്ചോ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *