സാബിക്കായി റയലും സിറ്റിയും,പണി തുടങ്ങി ലെവർകൂസൻ!

ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസന്റെ പരിശീലകനായി കൊണ്ട് സാബി അലോൺസോ 2022ലായിരുന്നു ചുമതലയേറ്റത്. തുടർന്ന് ക്ലബ്ബിനകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ബുണ്ടസ് ലിഗ കിരീടം അദ്ദേഹം ലെവർകൂസന് നേടിക്കൊടുത്തിരുന്നു. മാത്രമല്ല ഒരുപാട് റെക്കോർഡുകൾ അദ്ദേഹത്തിന് കീഴിൽ ക്ലബ്ബ് സ്വന്തമാക്കുകയും ചെയ്തു.

പരിശീലകൻ എന്ന നിലയിൽ സാബി മികവ് തെളിയിച്ചതോടെ അദ്ദേഹത്തിന് ഒരുപാട് ഓഫറുകൾ വന്നു തുടങ്ങി. കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ബയേൺ മ്യൂണിക്ക് ശ്രമം നടത്തിയിരുന്നു. എന്നാൽ അവരുടെ ഓഫർ സാബി നിരസിക്കുകയായിരുന്നു.ലെവർകൂസനിൽ തുടരാൻ തീരുമാനിച്ച അദ്ദേഹം 2026 വരെയുള്ള പുതിയ കോൺട്രാക്ടിൽ ഒപ്പുവെക്കുകയും ചെയ്തു.

പക്ഷേ വരുന്ന സമ്മറിൽ സാബിയെ രണ്ട് വമ്പൻ ഓഫറുകൾ കാത്തിരിക്കുന്നു എന്നാണ് പ്രമുഖ മാധ്യമമായ സ്‌കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സിറ്റിക്ക് സാബിയിൽ താല്പര്യമുണ്ട്. കൂടാതെ ആഞ്ചലോട്ടി ക്ലബ്ബ് വിടുകയാണെങ്കിൽ സാബിയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ട് ക്ലബ്ബുകൾക്കും ഈ പരിശീലകനിൽ താല്പര്യമുണ്ട്.

അലോൺസോ ക്ലബ്ബ് വിടാൻ സാധ്യതകളുണ്ട് എന്ന് ലെവർകൂസൻ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പകരക്കാരെ അവർ ഇപ്പോൾ തന്നെ കണ്ടുവെക്കുകയും ചെയ്തിട്ടുണ്ട്.സ്റ്റുട്ട്ഗർട്ടിന്റെ പരിശീലകനായ സെബാസ്റ്റ്യൻ ഹോയ്നെസ്സ്,ജർമ്മൻ ദേശീയ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായ സാൻഡ്രോ വാഗ്നർ എന്നിവരെയാണ് ബയേർ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ രണ്ടു പേർക്കും അവരവരുടെ പൊസിഷനുകളിൽ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ഇവരെ കൊണ്ടുവരിക എന്നത് എളുപ്പമാവില്ല.

ഈ സീസണിൽ മോശമല്ലാത്ത പ്രകടനം ഇപ്പോഴും ബയേർ പുറത്തെടുക്കുന്നുണ്ട്.ജർമ്മൻ ലീഗിൽ നാലാം സ്ഥാനത്താണ് അവർ ഇപ്പോൾ ഉള്ളത്. 7 മത്സരങ്ങളിൽ നിന്ന് 14 പോയിന്റാണ് അവർക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *