രണ്ടാം ഡിവിഷൻ ക്ലബ്ബിനോട് തോറ്റു, ബയേൺ പുറത്ത് !

നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ എഫ്സി ബയേൺ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോൽവി. ഇന്നലെ ഡിഎഫ്ബി പോക്കലിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിലാണ് രണ്ടാം ഡിവിഷൻ ക്ലബ്ബിനോട് അട്ടിമറി തോൽവിയേറ്റുവാങ്ങി ബയേൺ പുറത്തായത്. ഹോൾസ്റ്റെയിൻ കീൽ എന്ന ക്ലബാണ് ബയേണിനെ അട്ടിമറിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം സമനില വഴങ്ങിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാൽറ്റി എടുത്ത ആദ്യ അഞ്ച് താരങ്ങളും ബയേണിനായി ലക്ഷ്യം കണ്ടപ്പോൾ ആറാം കിക്ക് എടുത്ത മാർക്ക് റോക്കക്ക്‌ പിഴച്ചു. ഇതോടെ കീലിന്റെ ആറാം കിക്ക് എടുത്ത ഫിൻ ബാർട്ടെൽസ് ലക്ഷ്യം കാണുകയും കീൽ വിജയം കരസ്ഥമാക്കുകയും ചെയ്യുകയായിരുന്നു.

നിലവിൽ ഡിഎഫ്ബി പോക്കലിലെ ചാമ്പ്യൻമാരാണ് ബയേൺ മ്യൂണിക്ക്. ഇരുപത് തവണ കിരീടം നേടി റെക്കോർഡ് കുറിച്ചവരുമാണ് ഇവർ. എന്നാൽ വമ്പൻ താരനിരയുമായി ഇറങ്ങിയ ഇവർക്ക്‌ രണ്ടാം ഡിവിഷൻ ക്ലബ്ബിനോട് തോൽക്കാനായിരുന്നു വിധി. മത്സരത്തിന്റെ 14-ആം മിനുട്ടിൽ ഗ്നാബ്രി ഗോൾ ബയേണിന് ലീഡ് നേടികൊടുത്തിരുന്നു. എന്നാൽ 37-ആം മിനുട്ടിൽ ബാർട്ടെൽസ് കീലിന് സമനില നേടികൊടുത്തു. 48-ആം മിനുട്ടിൽ സാനെ ലീഡ് നേടികൊടുത്തെങ്കിലും 90-ആം മിനുട്ടിൽ ഹോക്ക് കീലിന് സമനില നൽകുകയായിരുന്നു. തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇതിന് മുമ്പ് നടന്ന മത്സരത്തിൽ ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷിനോടും ബയേൺ അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!