മെസ്സിയെക്കാൾ മുന്നിലാണ് ഞാനിപ്പോൾ : തോമസ് മുള്ളർ

ജർമ്മൻ വമ്പൻമാരായ ബയേണിന്റെ അവിഭാജ്യഘടകമാണ് തോമസ് മുള്ളർ.പ്രത്യേകിച്ച് അസിസ്റ്റിന്റെ കാര്യത്തിൽ വലിയ മികവാണ് മുള്ളർ പുറത്തെടുക്കാറുള്ളത്.ബയേണിന് വേണ്ടി ഗോളുകൾ നേടിയതിനേക്കാൾ കൂടുതൽ അസിസ്റ്റുകൾ താരത്തിന്റെ പേരിലുണ്ട്.238 അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.223 ഗോളുകളാണ് മുള്ളർ നേടിയിട്ടുള്ളത്.

അതേസമയം സൂപ്പർ താരം ലയണൽ മെസ്സി അസിസ്റ്റിന്റെ കാര്യത്തിൽ മുള്ളറേക്കാൾ മുന്നിലാണ്.309 അസിസ്റ്റുകളാണ് മെസ്സിക്ക് ബാഴ്സയിലും പിഎസ്ജിയിലുമായി ഉള്ളത്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തെ അസിസ്റ്റിന്റെ കണക്കെടുത്താൽ മെസ്സിക്ക് മുമ്പിൽ മുള്ളറാണ്.ഇക്കാര്യത്തിൽ താരം സന്തോഷം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴെങ്കിലും താൻ മെസ്സിയെക്കാൾ മുന്നിലാണ് എന്നാണ് മുള്ളർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ മൂന്നു വർഷത്തെ അസിസ്റ്റിന്റെ കണക്കുകൾ പരിഗണിക്കുകയാണെങ്കിൽ ഞാനിപ്പോൾ മെസ്സിയേക്കാൾ മുകളിലാണ് നിലകൊള്ളുന്നത്.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുമായി പോരടിക്കാൻ പറ്റുന്നു എന്നുള്ളത് വലിയൊരു പ്രചോദനമാണ്.2010 മുതൽ ഞാൻ അത് ചെയ്തു വരുന്നുണ്ട്.പക്ഷെ മെസ്സിയും ആയി എന്നെ നേരിട്ട് താരതമ്യം ചെയ്യുന്നതിൽ യാതൊരുവിധ അർത്ഥവുമില്ല.എന്നാൽ മെസ്സിയും ക്രിസ്റ്റ്യാനോയും കഴിഞ്ഞ 15 വർഷമായി എന്ത് ചെയ്തുവോ അത് തന്നെയാണ് ഇപ്പോൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലെവന്റോസ്ക്കി ചെയ്യുന്നത് ” ഇതാണ് മുള്ളർ പറഞ്ഞിട്ടുള്ളത്.

ഈ ബുണ്ടസ്ലിഗയിലും തകർപ്പൻ ഫോമിലാണ് മുള്ളർ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. 20 മത്സരങ്ങളിൽനിന്ന് ആറ് ഗോളുകളും 16 അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *