പെനാൽറ്റി പാഴാക്കി ക്രിസ്റ്റ്യാനോ, എവേ ഗോളിൽ രക്ഷപ്പെട്ട് യുവന്റസ്

നാടകീയതകൾ നിറഞ്ഞ മത്സരത്തിനൊടുവിൽ കഷ്ടിച്ച് ഫൈനലിലേക്ക് ടിക്കറ്റെടുത്ത് യുവന്റസ്. ഇന്നലെ രാത്രി നടന്ന കോപ്പ ഇറ്റാലിയ രണ്ടാം പാദമത്സരത്തിൽ എസി മിലാനെതിരെ ഗോൾരഹിത സമനില വഴങ്ങിയെങ്കിലും ആദ്യപാദത്തിലെ എവേ ഗോളിന്റെ പിൻബലത്തിൽ യുവന്റസ് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. വിജയം നേടാനുള്ള ഒട്ടേറെ സുവർണ്ണാവസരങ്ങൾ ഉണ്ടായിട്ടും അതെല്ലാം യുവന്റസ് കളഞ്ഞു കുളിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ പാഴാക്കിയത് യുവന്റസിന് തിരിച്ചടിയായി. പിന്നീട് ഒരു എസി മിലാൻ താരം ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയെങ്കിലും അത് മുതലെടുക്കാൻ യുവന്റസിന് സാധിച്ചില്ല. മത്സരത്തിന്റെ സിംഹഭാഗവും പത്തു പേരുമായി കളിച്ച എസി മിലാനും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. ഇന്റർമിലാൻ-നാപോളി സെമിയിലെ വിജയികളായിരിക്കും യുവന്റസിനെ ഫൈനലിൽ നേരിടുക.

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ, ദിബാല, കോസ്റ്റ എന്നിവരെ മുന്നേറ്റനിരയിൽ ഉൾപ്പെടുത്തി ശക്തമായ നിരയെ തന്നെയാണ് സരി കളത്തിലേക്ക് ഇറക്കിവിട്ടത്. മറുഭാഗത്ത് റെബിച്ചിനെ കേന്ദ്രീകരിച്ചാണ് എസി മിലാൻ കളി മെനഞ്ഞത്. തുടക്കത്തിൽ യുവന്റസ് കളം നിറഞ്ഞു കളിച്ചു. ഫലമായി മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടിൽ യുവന്റസിന് പെനാൽറ്റി ലഭിക്കുകയായിരുന്നു. ക്രിസ്റ്റ്യാനോയുടെ തന്നെ അപ്പീലിന്റെ ഫലമായി വാർ മുഖേനയാണ് പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി എടുത്ത ക്രിസ്റ്റ്യാനോക്ക് പിഴച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. അടുത്ത മിനിറ്റിൽ തന്നെ മിലാൻ താരം റെബിച്ചിന് ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോവേണ്ടി വന്നു. ഡാനിലോയെ അപകടകരമാം വിധം ഫൗൾ ചെയ്തതിന് റഫറി ഡയറക്റ്റ് റെഡ് നൽകുകയായിരുന്നു. പത്ത് പേരായതോടെ എസി മിലാൻ പരുങ്ങലിലായി. എന്നിരുന്നാലും യുവന്റസിന്റെ ആക്രമണനിരയെ ഫലപ്രദമായി പ്രതിരോധിക്കാൻ മിലാന് കഴിഞ്ഞെങ്കിലും ഫൈനലിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല. ആദ്യപാദത്തിൽ സാൻസിറോയിൽ വെച്ച് നടന്ന മത്സരം 1-1 സമനിലയിൽ കലാശിച്ചിരുന്നു. അന്ന് റൊണാൾഡോ നേടിയ പെനാൽറ്റി ഗോളായിരുന്നു യുവന്റസിനെ രക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *