പിഎസ്ജിയുടെ തോൽവി ഹൃദയവേദനയുണ്ടാക്കുന്നത്, വിജയഗോൾ നേടിയ കോമാൻ പറയുന്നു !
പത്ത് വർഷം തങ്ങളുടെ കീഴിൽ കളിച്ച ആ താരം ആറു വർഷങ്ങൾക്കിപ്പുറം തങ്ങളുടെ ആദ്യചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ വഴിമുടക്കിയാവുമെന്ന് പിഎസ്ജി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതേ ! ഇന്നലെ നടന്ന മത്സരത്തിൽ ബയേണിന്റെ വിജയഗോൾ നേടിയ കിങ്സ്ലി കോമാൻ കളി പഠിച്ചത് പിഎസ്ജിയിൽ നിന്നായിരുന്നു. ഒടുക്കം അതേ കോമാൻ തന്നെ ഇന്നലെ പിഎസ്ജിക്ക് വിലങ്ങുതടിയാവുകയും ചെയ്തു. പക്ഷെ തന്റെ പഴയ ടീമിന്റെ അവസ്ഥയിൽ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് കോമാൻ. ഇന്നലെ മത്സരശേഷം ആർഎംസി സ്പോർട്ടിനോട് സംസാരിക്കുന്ന വേളയിലാണ് കോമാൻ ഈ കാര്യം അറിയിച്ചത്. പിഎസ്ജിയുടെ കാര്യത്തിൽ ദുഃഖമുണ്ടെന്നും അവരുടെ തോൽവി ഹൃദയവേദനയുണ്ടാക്കുന്നത് ആണെന്നുമാണ് കോമാൻ അറിയിച്ചത്.
‘It hurts my heart’ https://t.co/9JJNOqRlIi
— Indy Football (@IndyFootball) August 24, 2020
” തീർച്ചയായും ഇതൊരു അസാധാരണമായ ഒരനുഭവമാണ് സമ്മാനിച്ചത്. എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. പക്ഷെ പിഎസ്ജിയുടെ കാര്യത്തിൽ ദുഃഖവുമുണ്ട്. ഞാൻ നൂറ് ശതമാനം ബയേൺ ആണെന്ന് പറഞ്ഞാലും പിഎസ്ജിയുടെ തോൽവി ഹൃദയവേദനയുണ്ടാക്കുന്നതാണ്. മത്സരത്തിന്റെ തുടക്കം തൊട്ടേ കളി വരുതിയിലാക്കാൻ ഞങ്ങൾ ശ്രമിച്ചു. അവർ അപകടകാരികളാണെന്നും കൌണ്ടർ ചെയ്യുമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു. തീർച്ചയായും പിഎസ്ജി മികച്ച കളിയാണ് കെട്ടഴിച്ചത്. ഒരു മികച്ച ഫൈനലായിരുന്നു ഇത് ” കോമാൻ അഭിമുഖത്തിൽ പറഞ്ഞു. മത്സരത്തിന്റെ 59 -ആം മിനുട്ടിൽ ആണ് കോമാൻ ഹെഡറിലൂടെ വിജയഗോൾ നേടിയത്. 2004 മുതൽ 2014 വരെ താരം പിഎസ്ജിയിൽ ആയിരുന്നു. തുടർന്ന് യുവന്റസിലേക്കും അവിടെ നിന്ന് ബയേണിലേക്കും ചേക്കേറുകയായിരുന്നു.
Kingsley Coman certainly haunted his former club 👻 pic.twitter.com/48dvz1ttYz
— Goal (@goal) August 24, 2020