ജനങ്ങൾക്കിടയിൽ തരംഗം സൃഷ്ടിച്ച് ബയേൺ മാസ്ക്ക്
കൊറോണ വൈറസിന്റെ പിടിയിലകപ്പെട്ട ജർമ്മൻ ജനതയെ സഹായിക്കാൻ വേണ്ടി ബയേൺ മ്യൂണിക്ക് തുടങ്ങിയ സംരംഭമായിരുന്നു ക്ലബിന്റെ കളറിലുള്ള മാസ്‌ക്കുകൾ പുറത്തിറക്കുക എന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ സഹായമെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാലിതാ ക്ലബ് വിചാരിച്ചതിനുമപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുകയാണിപ്പോൾ. എന്തെന്നാൽ ബയേണിന്റെ ഈ മാസ്ക്കിന് ആവശ്യക്കാരേറെയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഒരു ലക്ഷം മാസ്‌ക്കുകളാണ് വിറ്റുപോയതെന്ന് ക്ലബ് അധികൃതർ അറിയിച്ചു കഴിഞ്ഞു. ജർമനിയിലുടനീളം ജനങ്ങൾക്കിടയിൽ തരംഗം സൃഷ്ടിക്കാൻ മാസ്ക്കിന് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബയേൺ താരങ്ങളായ ജോഷുവ കിമ്മിച്ചും ലിയോൺ ഗോറേറ്റ്സ്കയുമാണ് ഇത്തരത്തിലുള്ള ഒരു ഡൊണേഷൻ പ്ലാറ്റ്ഫോം മുന്നോട്ട് വെച്ചത്. എന്നാൽ അനിയന്ത്രിതമായ ഓർഡറുകൾ മൂലം കുറച്ചു വൈകിയേ മാസ്‌ക്കുകൾ ലഭ്യമാവുകയൊള്ളൂ എന്ന് അധികൃതർ ഉപഭോക്താക്കളെ അറിയിച്ചു കഴിഞ്ഞു. ഇനി നടക്കാനിരിക്കുന്ന ചെൽസി-ബയേൺ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഇത് വിതരണം ചെയ്യാൻ ബയേൺ അധികൃതർ ആലോചിക്കുന്നുണ്ട്. കുട്ടികൾക്ക് 5.95 യുറോയും മുതിർന്നവർക്ക് 6.95 യുറോയുമാണ് മാസ്ക്കിന്റെ വില.