ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവാൻ ഹാലണ്ടിന് കഴിയും : റെയ്‌ന!

ബുണ്ടസ്ലിഗയിലെ ആദ്യ മത്സരത്തിൽ തന്നെ ഗോളുകളും അസിസ്റ്റുകളുമായി വരവറിയിക്കാൻ സൂപ്പർ താരം എർലിങ് ഹാലണ്ടിന് കഴിഞ്ഞിരുന്നു. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഫ്രാങ്ക്ഫർട്ടിനെതിരെ ഹാലണ്ട് സ്വന്തമാക്കിയത്. ഇതോടെ ബൊറൂസിയക്ക്‌ വേണ്ടി 61 മത്സരങ്ങളിൽ 62 ഗോളുകൾ നേടാൻ ഹാലണ്ടിന് സാധിച്ചു. മത്സരത്തിൽ മധ്യനിര താരമായ ജിയോവാനി റെയ്‌നക്ക്‌ ഗോൾ നേടാൻ വഴിയൊരുക്കിയത് ഹാലണ്ടായിരുന്നു. ഇപ്പോഴിതാ ഹാലണ്ടിനെ പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് റെയ്‌ന. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവാൻ ഹാലണ്ടിന് കഴിയുമെന്നാണ് റെയ്‌ന അഭിപ്രായപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഫോക്സ് സ്പോർട്സ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഓരോ മത്സരം കൂടുംതോറും പുരോഗതി പ്രാപിക്കുന്ന പ്രക്രിയ അദ്ദേഹം ഇപ്പോഴും തുടരുകയാണ്.ഓരോ ദിവസവും പുതിയ കാര്യങ്ങൾ അദ്ദേഹം മത്സരത്തിലേക്ക് കൂട്ടിച്ചേർക്കുന്നതാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്.അദ്ദേഹത്തിന്റെ മുന്നിലുള്ള പരിധി എന്താണ് എന്നുള്ളത് പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്.നിലവിൽ അദ്ദേഹം ഒരു അസാധാരണ താരമാണ്. അതിനും മുകളിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിക്കും.തീർച്ചയായും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ ഹാലണ്ടിന് സാധിക്കും.നിലവിൽ ടീമിന്റെ കെമിസ്ട്രി ഏറ്റവും ഉയർന്ന തലത്തിലാണ്.ഞാൻ ഡോർട്മുണ്ടിൽ എത്തിയതിന് ടീം ഇത്രയും നല്ല രൂപത്തിൽ പ്രവർത്തിക്കുന്നത് ഇതാദ്യമായിട്ടാണ് ” റെയ്‌ന പറഞ്ഞു.ഹാലണ്ടിന് വേണ്ടി വമ്പൻ ക്ലബുകൾ രംഗത്ത് വന്നിരുന്നുവെങ്കിലും താരം ബൊറൂസിയയിൽ തന്നെ തുടരാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *