എംബപ്പേയെയും ഹാലണ്ടിനേയും ഒരുമിച്ചെത്തിക്കണം, വൻ പദ്ധതികളുമായി റയൽ!
ഈ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് വമ്പൻമാരായ റയലിന് ചില വലിയ പദ്ധതികളുണ്ട്. ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കുക എന്നുള്ളതാണ് റയലിന്റെ ലക്ഷ്യം. ഇതിൽ തന്നെ പിഎസ്ജിയുടെ സൂപ്പർ താരമായ കിലിയൻ എംബപ്പേയെയും ബൊറൂസിയയുടെ സൂപ്പർ താരമായ എർലിങ് ഹാലണ്ടിനേയും ഒരുമിച്ചെത്തിക്കാനാണ് റയലിന്റെ പദ്ധതി. പ്രമുഖ മാധ്യമമായ ഇഎസ്പിഎന്നാണ് ഇത്തരത്തിലുള്ള ഒരു വിശകലനം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എംബപ്പേയെ സ്വന്തമാക്കാൻ റയൽ കിണഞ്ഞു പരിശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ പിഎസ്ജി താരത്തെ വിട്ടു നൽകിയിരുന്നില്ല. പക്ഷേ ഈ സീസണോട് കൂടി എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും.താരം കരാർ പുതുക്കില്ലെന്നും ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബിലേക്ക് എത്തുമെന്നുമാണ് ഇപ്പോൾ റയൽ വിശ്വസിക്കുന്നത്. അത്കൊണ്ട് തന്നെ താരത്തിന് വേണ്ടി ട്രാൻസ്ഫർ ഫീ റയലിന് മുടക്കേണ്ടി വരില്ല. സാലറി മാത്രമായിരിക്കും പരിഗണിക്കേണ്ട വിഷയം.
📝Full story by @MarkOgden_ https://t.co/CmOmXlpFo8
— ESPN FC (@ESPNFC) December 31, 2021
അതേസമയം മറ്റൊരു താരം എർലിങ് ഹാലണ്ടാണ്. താരം ഈ സമ്മറിൽ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. റയൽ വലിയ രൂപത്തിലുള്ള താല്പര്യം ഹാലണ്ടിൽ പ്രകടിപ്പിച്ചിട്ടുണ്ട് എന്നുള്ള കാര്യം ബൊറൂസിയ അധികൃതർ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഹാലണ്ട് ചേക്കേറാൻ സാധ്യതയുള്ള ക്ലബുകളിൽ ഒന്ന് റയലാണ് എന്നുള്ള കാര്യം ഏജന്റായ മിനോ റയോളയും പറഞ്ഞിരുന്നു. കൂടാതെ ഹാലണ്ടിന് ഏറ്റവും കൂടുതൽ താല്പര്യമുള്ള ക്ലബ് റയലാണ് എന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ചുരുക്കത്തിൽ ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ ഹാലണ്ട് റയലിലേക്ക് എത്താൻ സാധ്യതയുണ്ട്.75 മില്യൺ യൂറോ റിലീസ് ക്ലോസ് ഉള്ള ഹാലണ്ടിനെ സ്വന്തമാക്കാൻ കഴിയുമെന്ന് തന്നെയാണ് റയൽ വിശ്വസിക്കുന്നത്. പക്ഷേ സിറ്റി ഉൾപ്പെടെയുള്ള നിരവധി ക്ലബ്ബുകൾ താരത്തിനായി ശക്തമായി രംഗത്തുണ്ട്.
30 മില്യൺ പൗണ്ടോളം ഹാലണ്ട് സാലറി ആവശ്യപ്പെടുമെന്നും അറിയാൻ കഴിയുന്നുണ്ട്. ഏതായാലും ഈ സീസണോട് കൂടി റയലിന്റെ സൂപ്പർ താരങ്ങളായ ഇസ്കോ, മാഴ്‌സെലോ, ബെയ്ൽ, മോഡ്രിച്ച് എന്നിവരുടെ കരാർ അവസാനിക്കും. ഇവർ ക്ലബ് വിടുന്നത് വഴി വെയ്ജ് ബില്ലിൽ കുറവ് വരും. ഇതുപ്രകാരം ഹാലണ്ടിനെയും എംബപ്പേയെയും ഒരുമിച്ച് എത്തിക്കുന്നതിന് സാലറി തടസ്സമാവില്ല എന്നാണ് റയൽ വിശ്വസിക്കുന്നത്. ഏതായാലും അങ്ങനെ സംഭവിച്ചാൽ എംബപ്പേ, വിനീഷ്യസ്, ഹാലണ്ട് എന്നീ യുവസൂപ്പർ താരനിരയെ നമുക്ക് റയലിൽ കാണാൻ സാധിച്ചേക്കും.