എംബപ്പേയും ഹാലണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ? പീക്കെ പറയുന്നു!

ഭാവിയിൽ ഫുട്ബോൾ ലോകം അടക്കി ഭരിക്കാൻ പലരും സാധ്യത കൽപ്പിക്കപ്പെടുന്ന രണ്ട് സൂപ്പർ താരങ്ങളാണ് കിലിയൻ എംബപ്പേയും എർലിംഗ് ഹാലണ്ടും. ഇതിനോടകം തന്നെ നിരവധി കിരീടങ്ങളും നേട്ടങ്ങളും കരസ്ഥമാക്കാൻ കിലിയൻ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ബോറൂസിയയിൽ എത്തിയതോട് കൂടിയാണ് ഹാലണ്ട് ലോക ശ്രദ്ധയാകർഷിച്ചത്.

ഏതായാലും എഫ്സി ബാഴ്സലോണയുടെ സൂപ്പർതാരമായ ജെറാർഡ് പീക്കെ ഇരുവരെയും താരതമ്യം ചെയ്തിട്ടുണ്ടിപ്പോൾ. കൂടാതെ രണ്ടു പേരും ബാലൺ ഡി’ ഓർ പുരസ്കാരങ്ങൾ നേടാൻ സാധ്യതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.പീക്കെയുടെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടവരാണ് കിലിയൻ എംബപ്പേയും എർലിംഗ് ഹാലണ്ടും.അവർ രണ്ട് പേരും വളരെ ചെറുപ്പമാണ്. രണ്ടു പേരും ബാലൺ ഡി’ ഓർ പുരസ്കാരം നേടാൻ സാധ്യതയുണ്ട്.എനിക്ക് തോന്നുന്നത് ഹാലണ്ട് ഒരു തികഞ്ഞ സ്ട്രൈക്കർ ആണെന്നാണ്. അദ്ദേഹം വളരെ കരുത്തനും കൂടുതൽ ഗോളുകൾ നേടുന്നവനുമാണ്. പക്ഷേ എംബപ്പേ കൂടുതൽ കംപ്ലീറ്റ് പ്ലെയറാണ്.സ്ട്രൈക്കറായി കൊണ്ടും വിങ്ങറായി കൊണ്ടും അദ്ദേഹത്തിന് കളിക്കാൻ കഴിയും.ഹാലന്റിനെതിരെ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ ഞാൻ എംബപ്പേക്കെതിരെ കളിച്ചിട്ടുണ്ട്. ഇവരിൽ ഒരാളെ തിരഞ്ഞെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ് ” ഇതാണ് പീക്കെ പറഞ്ഞിട്ടുള്ളത്.

ഈ ബുണ്ടസ് ലിഗയിൽ 21 ഗോളുകളും 7 അസിസ്റ്റുകളുമാണ് ഹാലണ്ടിന്റെ സമ്പാദ്യം. അതേസമയം ലീഗ് വണ്ണിൽ 25 ഗോളുകളും 15 അസിസ്റ്റുകളും എംബപ്പെ കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *