ഉടൻ തന്നെ ടുഷേലിനെ പുറത്താക്കണം: ആവശ്യവുമായി മത്തേയൂസ്

ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ ബയേണിന് ഒരു അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എഫ്സി ഹെയ്ഡൻഹെയ്മാണ് ബയേണിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് ബയേൺ ലീഡ് കരസ്ഥമാക്കിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ വഴങ്ങിക്കൊണ്ട് ബയേൺ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.ഇതോടെ ജർമ്മൻ ലീഗ് കിരീടം ഏറെക്കുറെ ബയേൺ കൈവിട്ട് കഴിഞ്ഞിട്ടുണ്ട്.

ഈ സീസണിന് ശേഷം ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് ടുഷേൽ ഉണ്ടാവില്ല എന്നുള്ളത് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.എന്നാൽ ക്ലബ്ബിന്റെ മോശം പ്രകടനം അവരുടെ ഇതിഹാസമായ ലോതർ മത്തേയൂസിനെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.ആഴ്സണലിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്നോടിയായി ടുഷേലിനെ പുറത്താക്കണം എന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ ആവശ്യം.മത്തേയൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“തോമസ് ടുഷേലും ടീമും തമ്മിലുള്ള ബന്ധം പൂർണമായും തകർന്നിട്ടുണ്ട്. രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്നതിനു ശേഷം തോൽവി ഏറ്റുവാങ്ങുക എന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്.അടുത്തത് ചാമ്പ്യൻസ് ലീഗ് മത്സരമാണ്.ഈ മത്സരത്തിൽ യാതൊരുവിധ കെമിസ്ട്രിയും ഇല്ലായിരുന്നു.അടുത്ത 24 മണിക്കൂറിനുള്ളിൽ ക്ലബ്ബിനകത്ത് എന്താണ് സംഭവിക്കുക എന്നതാണ് എനിക്ക് അറിയേണ്ടത്. അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് ഒരു താൽക്കാലിക പരിശീലകമായി ചാമ്പ്യൻസ് ലീഗ് മത്സരത്തിനു പോകുന്നത് ഞാൻ സങ്കൽപ്പിച്ചു തുടങ്ങിയിട്ടുണ്ട് ” ഇതാണ് മത്തേയൂസ് പറഞ്ഞിട്ടുള്ളത്.

പക്ഷേ നിലവിൽ ടുഷേലിനെ പുറത്താക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ക്ലബ്ബിന്റെ ഡയറക്ടർമാർ തന്നെ പറഞ്ഞിട്ടുണ്ട്. നിലവിൽ വളരെ ദയനീയമായ പ്രകടനമാണ് ബയേൺ നടത്തിക്കൊണ്ടിരിക്കുന്നത്.ബയേണിനേക്കാൾ 16 പോയിന്റ് ലീഡ് ഉള്ള ലെവർകൂസൻ ഇത്തവണത്തെ ജർമൻ ലീഗ് കിരീടം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *