മെസ്സിയെയും ക്രിസ്റ്റ്യാനോയെക്കാളും പ്രായം കുറഞ്ഞ കോച്ച്,ലീപ്സിഗിന്റെ വളർച്ച അത്ഭുതകരം!

സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡിനെ ആർബി ലീപ്സിഗ് കീഴടക്കുമെന്ന് ഫുട്ബോൾ ആരാധകർ ഒരിക്കലും മുൻകൂട്ടി കണ്ടിരുന്നില്ല. പ്രത്യേകിച്ച് ടിമോ വെർണർ ടീം വിട്ട സാഹചര്യത്തിൽ. എന്നാൽ ഒരു യുവപരിശീലകന്റെ കീഴിൽ ചരിത്രം രചിച്ചിരിക്കുകയാണിപ്പോൾ ലീപ്സിഗ്. ക്ലബ്ബിനെ സെമി ഫൈനലിൽ എത്തിച്ച നേഗൽസ്മാന്റെ പ്രായം മുപ്പത്തിമൂന്ന് വയസ്സും ഇരുപത്തിയൊന്ന് ദിവസവുമാണ്. അതായത് മെസ്സിയെക്കാളും ക്രിസ്റ്റ്യാനോയെക്കാളും പ്രായം കുറഞ്ഞ ഒരാൾ പരിശീലകനായി ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിച്ചിരിക്കുന്നു. ഇത് മാത്രമല്ല ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ സെമിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകൻ ആണ് ഇദ്ദേഹം. മാത്രമല്ല ഇദ്ദേഹം സെമി ഫൈനലിൽ നേരിടാൻ പോവുന്നത് തോമസ് ടുഷെലിന്റെ പിഎസ്ജിയെയാണ്. രസകരമായ കാര്യം 2007-ൽ ഓഗ്‌സ്ബർഗിനെ ടുഷേൽ പരിശീലിപ്പിച്ചപ്പോൾ അവിടെ കളിക്കാരന്റെ വേഷത്തിൽ നേഗൽസ്മാൻ ഉണ്ടായിരുന്നു.കഴിഞ്ഞ വർഷമാണ് ഇദ്ദേഹം ലീപ്സിഗിൽ എത്തിയത്.

പരിശീലകനെ പോലെ തന്നെ അത്ഭുതപ്പെടുത്തുന്നതാണ് ആർബി ലീപ്സിഗിന്റെ വളർച്ചയും. 2009-ൽ മാത്രമാണ് ലീപ്സിഗ് സ്ഥാപിതമാവുന്നത്. 2010-ൽ നാലാം ഡിവിഷനിലേക്കും 2013-ൽ മൂന്നാം ഡിവിഷനിലേക്കും 2014-ൽ രണ്ടാം ഡിവിഷനിലേക്കും 2016-ൽ ബുണ്ടസ്‌ലിഗയിലേക്ക് സ്ഥാനംക്കയറ്റം കിട്ടി. 2017-ൽ ബുണ്ടസ്ലിഗാ റണ്ണർ അപ്പ് ആയി. 2020-ൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലുമെത്തി. അതായത് വളരെ വേഗത്തിലാണ് ലീപ്സിഗിന്റെ വളർച്ച എന്നർത്ഥം. കൂടാതെ ചാമ്പ്യൻസ് ലീഗിൽ കീഴടക്കി രണ്ട് ഫൈനലിസ്റ്റുകളെയാണ്. ടോട്ടൻഹാമിനെയും അത്ലറ്റികോ മാഡ്രിഡിനെയും. ഇത് കൂടാതെ മറ്റൊരു രസകരമായ കാര്യം അത്ലറ്റികോ മാഡ്രിഡ്‌ പരിശീലകൻ സിമിയോണി പരിശീലിപ്പിച്ച അത്ര മത്സരം പോലും ആർബി ലീപ്സിഗ് കളിച്ചിട്ടില്ല എന്നതാണ്. 478 മത്സരങ്ങൾ ആണ് സിമിയോണി അത്ലറ്റികോയെ പരിശീലിപ്പിച്ചത്. എന്നാൽ ലീപ്സിഗ് ആകെ കളിച്ചത് 394 മത്സരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *