GOAT കേക്ക്,ക്രിസ്റ്റ്യാനോക്ക് സഹതാരങ്ങളുടെ സർപ്രൈസ്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ വർഷം തകർപ്പൻ പ്രകടനമാണ് നടത്തിയത്. 2023 എന്ന കലണ്ടർ വർഷത്തിൽ 54 ഗോളുകൾ നേടിക്കൊണ്ട് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഗ്ലോബ് സോക്കറിന്റെ മറഡോണ അവാർഡ് റൊണാൾഡോക്കായിരുന്ന് ലഭിച്ചിരുന്നത്. അതിന് പുറമേ ഫാൻ ഫേവറേറ്റ് അവാർഡും ബെസ്റ്റ് മിഡിൽ ഈസ്റ്റ് പ്ലെയർ അവാർഡും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ സ്വന്തമാക്കിയിരുന്നു.
ഇങ്ങനെ മൂന്ന് അവാർഡുകൾ വാരിക്കൂട്ടി കൊണ്ട് ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അൽ നസ്ർ സഹതാരങ്ങൾ ഒരു സർപ്രൈസ് നൽകിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനിരിക്കുന്ന സമയത്ത് ഒരു കേക്ക് ഒരുക്കിക്കൊണ്ടാണ് ഇവർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഈ അവാർഡ് നേട്ടം ആഘോഷിച്ചിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ അവാർഡും സ്വീകരിച്ച് നിൽക്കുന്ന ഒരു ചിത്രമാണ് ഈ കേക്കിൽ ആലേഖനം ചെയ്തിട്ടുള്ളത്.
A surprise from the team to the Captain, 🤨
— AlNassr FC (@AlNassrFC_EN) January 21, 2024
Then everyone chants " Siiiiiu " 😂💛
pic.twitter.com/j6HoOTu2aK
” അവാർഡുകൾ GOAT നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു ” എന്നാണ് ആ കേക്കിൽ എഴുതിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നാണ് അൽ നസ്ർ താരങ്ങൾ റൊണാൾഡോയെ വിശേഷിപ്പിച്ചിട്ടുള്ളത്. റൊണാൾഡോയുടെ ഈ പുരസ്കാര നേട്ടത്തിൽ അവർ സന്തോഷം അറിയിക്കുകയും ചെയ്തിട്ടുണ്ട്.ക്രിസ്റ്റ്യാനോ തിരികെ തന്റെ സഹതാരങ്ങളോട് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.അൽ നസ്ർ തന്നെയാണ് ഈ വീഡിയോ പബ്ലിഷ് ചെയ്തിട്ടുള്ളത്.
നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ചൈനയിലാണ് ഉള്ളത്.രണ്ട് സൗഹൃദ മത്സരങ്ങൾ ചൈനയിൽ വച്ചുകൊണ്ട് അൽ നസ്ർ കളിക്കുന്നുണ്ട്.അതിനുശേഷമാണ് മെസ്സിയുടെ ഇന്റർ മയാമിക്കെതിരെ കളിക്കുക.ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.ആകെ കളിച്ച 25 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും പതിനൊന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.