AFC ചാമ്പ്യൻസ് ലീഗ്, നെയ്മർക്ക് മുന്നിൽ അത്യപൂർവ്വ അവസരം!

AFC ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കുറച്ചുമുമ്പ് അവസാനിച്ചിരുന്നു. നെയ്മർ ജൂനിയറുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ഗ്രൂപ്പ് ഡിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയും ഗ്രൂപ്പ് ഡിയിലുണ്ട്. അതായത് അൽ ഹിലാലും മുംബൈയും തമ്മിൽ രണ്ടു മത്സരങ്ങൾ കളിക്കും. അതിൽ ഒരു മത്സരം ഇന്ത്യയിൽ വെച്ചായിരിക്കും നെയ്മറും അൽ ഹിലാലും കളിക്കുക.

നെയ്മർക്ക് മുന്നിൽ ഒരു അത്യപൂർവ്വ അവസരം ഇപ്പോൾ വന്ന് ചേർന്നിട്ടുണ്ട്. അതായത് മൂന്ന് ഭൂഖണ്ഡങ്ങളിലെയും ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ഏക താരമാവാനുള്ള അവസരമാണ് ഇപ്പോൾ നെയ്മർ ജൂനിയർക്ക് മുന്നിലുള്ളത്. ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ആരും തന്നെ 3 ഭൂഖണ്ഡങ്ങളിലെ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടില്ല.

ലാറ്റിനമേരിക്കയിലെ ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന കോപ ലിബർട്ടഡോറസ് നെയ്മർ ജൂനിയർ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. 2011ലായിരുന്നു സാന്റോസ് കോപ ലിബർട്ടഡോറസ് നേടിയിരുന്നത്. അതിനുശേഷമാണ് നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണയിൽ എത്തിയത്.

ബാഴ്സക്കൊപ്പം 2015ൽ നെയ്മർ ജൂനിയർ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടി. ഇനി നെയ്മർക്ക് മുന്നിലുള്ളത് AFC ചാമ്പ്യൻസ് ലീഗാണ്. അൽ ഹിലാലിനൊപ്പം AFC ചാമ്പ്യൻസ് ലീഗ് കിരീടം നേടി കഴിഞ്ഞാലാണ് നെയ്മർ അത്യപൂർവ്വ റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കുക. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വരെ എത്താൻ അൽ ഹിലാലിന് കഴിഞ്ഞിരുന്നു. എന്നാൽ ഉറാവ റെഡ് ഡയമണ്ട്സിനോട് പരാജയപ്പെട്ടു കൊണ്ട് അവർക്ക് കിരീടം നഷ്ടപ്പെടുകയായിരുന്നു. ഇത്തവണ നിരവധി സൂപ്പർതാരങ്ങൾ അൽഹിലാലിൽ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കിരീട സാധ്യത ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *